പാലാ ഏറ്റുമാനൂര്‍ റോഡിലെ തിരക്കേറിയ മുത്തോലി കവലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രക്കാരെ വലയ്ക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ആയിരക്കണക്കിന് കുട്ടികളും അവരുടെ രക്ഷിതാക്കളും എത്തുന്ന മുത്തോലിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വരികയാണ്. തിരക്കേറിയ ജംഗ്ഷനു സമീപത്തെങ്ങും പൊതു ശൗചാലയം ഇല്ലാത്തത് ഇവിടെയെത്തുന്നവരെ ബുദ്ധിമുട്ടിക്കുകയാണ്.
രാത്രികാലങ്ങളില്‍ ജംഗ്ഷന്‍ പൂര്‍ണമായും ഇരുട്ടിലാണ്. മൂന്നാഴ്ചയോളമായി ഇവിടുത്തെ ഉയരവിളക്ക് പ്രകാശിക്കുന്നില്ല. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു കഴിഞ്ഞാല്‍ ഇവിടെയെത്തുന്നവര്‍ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്. പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിലെ ലൈറ്റ് ആണ് ഇപ്പോള്‍ കവലയില്‍ വെളിച്ചം നല്‍കുന്നത്. ഇവിടെ സിഗ്‌നല്‍ സംവിധാനം ഇല്ലാത്തത് വാഹന യാത്രികരെയും കാല്‍നട യാത്രികരെയും ബുദ്ധിമുട്ടിയ്ക്കുന്നു. വ്യക്തമായ ദിശാ സൂചന ബോര്‍ഡുകള്‍ ഇല്ലാത്തത് ഇതര സ്ഥലങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. എത്രയും വേഗം പൊതുശൗചാലയം നിര്‍മ്മിക്കുകയും കവലയിലെ സിഗ്‌നല്‍ സംവിധാനം ഒരുക്കി സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായ സമിതി കോട്ടയം ജില്ല വൈസ് പ്രസിഡണ്ട് അജിത്ത് അമ്പാടി പറഞ്ഞു എന്നാല്‍ മുത്തോലി കവലയില്‍ പൊതു ശൗചാലയം പണിയുന്നതിനുള്ള ശ്രമം പഞ്ചായത്ത് നടത്തി വരികയാണെന്നും കവലയില്‍ അനുയോജ്യമായ സ്ഥലം കിട്ടാത്തതാണ് നടപ്പാക്കാത്തത് എന്നും മുത്തോലിയില്‍ പാതയുടെ സെന്‍ട്രല്‍ മീഡിയനിലും റോഡിന്റെ വശങ്ങളിലും ചെടികള്‍ വച്ച് പിടിപ്പിച്ച് മനോഹരമാക്കുന്നതിനുള്ള പദ്ധതി വൈകാതെ നടപ്പാക്കാനാണ് തീരുമാനം എന്നും മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനാഭവന്‍ പറഞ്ഞു. ഉയരവിളക്കുകള്‍ തെളിച്ച് ജംഗ്ഷനില്‍ വെളിച്ചം പകരാനുള്ള നടപടി സ്വീകരിച്ചതായും പ്രസിഡന്റ് അറിയിച്ചു.
0 Comments