ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ ഇരുനില കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണിച്ച് അപകടാവസ്ഥയിലായി. നൂറു വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യാലയത്തില്‍ നിന്നും നാലു തലമുറകള്‍ അക്ഷര വെളിച്ചം നേടിയിട്ടുണ്ട്. 1967 കാലഘട്ടത്തിലാണ് അന്നത്തെ സ്‌കൂള്‍ ഹെഡ്മാസ്റ്ററും പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ആയിരുന്ന ഒ.എ. മാത്യു ,അധ്യാപക രക്ഷാകര്‍ത്തു പങ്കാളിത്തത്തോടെയും ജനപങ്കാളിത്തത്തോടെയും വളരെ വലിയ ദീര്‍ഘവീക്ഷണത്തോടെ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.
എന്നാല്‍ കാലപ്പഴക്കം മൂലവും യഥാസമയങ്ങളില്‍ ഉള്ള അറ്റകുറ്റപ്പണികളുടെ അഭാവവും മൂലം സ്‌കൂള്‍ കെട്ടിടം ഭീഷണി നേരിടുകയാണ്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ കല്‍ക്കെട്ടുകള്‍ ഇളകിയ നിലയിലാണ്. ഭിത്തികള്‍ക്ക് വിള്ളലും വീണിട്ടുണ്ട്. കോണ്‍ക്രീറ്റ് ബീമുകളില്‍ പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ അടിവശം സിമന്റ് തേപ്പ് അടര്‍ന്നുവീഴുന്ന നിലയിലും മേല്‍ക്കൂരയിലെ കമ്പി തെളിഞ്ഞ നിലയിലും ആണ്. സ്‌കൂളിന്റെ ജനാലുകളും കതകുകളും അടക്കുവാനും തുറക്കുവാനും വലിയ ബുദ്ധിമുട്ടാണുള്ളത്. സുരക്ഷിതമല്ല എന്ന് അധികൃതര്‍ രേഖപ്പെടുത്തിയ കെട്ടിടം ഇനിയും പൊളിച്ചു നീക്കാന്‍ നടപടികളായില്ല. സ്‌കൂള്‍ മെയിന്റനന്‍സിനായി നഗരസഭ വലിയ തുകകള്‍ ചിലവഴിക്കുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ലെന്ന് ആക്ഷേപവും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നഗരസഭാധികൃതരും പിടിഎ.. യും മന്ത്രി വി.എന്‍ വാസവനും ജില്ലാ കളക്ടര്‍ക്കും നിവേദനവും നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ഈ കെട്ടിടത്തിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നുമുള്ള നിലപാടിലുമാണെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്. ബീന പറഞ്ഞു. ഡ്രയിനേജ് സംവിധാനം ഇല്ലാത്തതുമൂലം ഗ്രൗണ്ടിനോട് ചേര്‍ന്ന് ഇരുനില കെട്ടിടത്തിനു ചുറ്റും വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്.. ഏറ്റുമാനൂര്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റ് യു.പി സ്‌കൂളും ടിടിഐ വിദ്യാഭ്യാസ സ്ഥാപനവും പ്രവര്‍ത്തിക്കുന്ന കെട്ടിടവും അപകട ഭീഷണി നേരിടുന്നുണ്ട്. ടൗണിലെ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ജീര്‍ണാവസ്ഥയിലാണ്. ഇതില്‍ ഒരു കെട്ടിടം അണ്‍ഫിറ്റ് ആണെന്ന് അധികൃതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കപ്പെട്ടിട്ടില്ല. ഇവിടെ ആധുനിക നിലവാരത്തിലുള്ള പുതിയ സ്‌കൂള്‍ കെട്ടിടം സമുച്ചയം ഉയര്‍ന്നെങ്കിലും ഇതിലേക്ക് ക്ലാസ് മുറികള്‍ മാറ്റി പ്രവര്‍ത്തനവും നടത്തിയിട്ടില്ല. കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സ്ഥിതി വിവരക്കണക്കുകളും കെട്ടുറപ്പും പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
0 Comments