പഴങ്ങളുടെ റാണിയായ മാങ്കോസ്റ്റിനും പോഷകങ്ങളുടെ കലവറയായ റംമ്പൂട്ടാനും പാതയോര വിപണികളില്‍ സുലഭമായി. പഴക്കടകളില്‍ വില്പന കുറഞ്ഞപ്പോള്‍ പാതയോര വിപണികള്‍ സജീവമായി. മൂന്നുമാസത്തിലേറെയായി തുടരുന്ന ഇടമുറിയാത്ത കാലവര്‍ഷം പഴ വിപണിയെ ബാധിച്ചു.
വിലയിടിഞ്ഞിട്ടും വില്‍പ്പനക്കുറവാണ് റമ്പൂട്ടാനും മാങ്കോസ്റ്റിനുമുള്ളത്. 250രൂപ ഉണ്ടായിരുന്ന റംമ്പുട്ടാന്‍ 160, 200 എന്നിങ്ങനെയാണ് വില്‍ക്കുന്നത്. കയറ്റുമതിയില്‍ കുറവ് വന്നതും റംമ്പുട്ടാന്‍ കൃഷി വ്യാപകമായതും വിലയിടിന് കാരണമായതായി പഴകച്ചവടക്കാര്‍ പറയുന്നു. വിവിധ ജില്ലകളില്‍ ഉള്ള കച്ചവടക്കാര്‍ നാട്ടിന്‍പുറങ്ങളിലും മറ്റുമുള്ള റമ്പുട്ടാന്‍ കര്‍ഷകരില്‍ നിന്ന് മൊത്തമായി റംബുട്ടാന്‍ കച്ചവടം നടത്തുന്നു. വലിയ വലകള്‍ ഇട്ട് സംരക്ഷിക്കുകയും തുടര്‍ന്ന് പാകമാകുമ്പോള്‍ ദിവസേന ആവശ്യത്തിന് പറിച്ച് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. പാതയോരങ്ങളിലെ വിപണി വിവിധ തരത്തിലുള്ള പഴവര്‍ഗ്ഗ കച്ചവടക്കാരെ വിഷമിപ്പിക്കുകയാണ്. വഴിയോരക്കച്ചവടക്കാര്‍ റംബുട്ടാന്‍ കര്‍ഷകരില്‍ നിന്നും ചെറിയ തുക നല്‍കി മൊത്തമായി വാങ്ങി കച്ചവടം നടത്തുകയാണ് ചെയ്യുന്നത്. ഇതുമൂലം പഴവര്‍ഗ്ഗ കടകളില്‍ റംമ്പുട്ടാന്റെ വില്പന കുറഞ്ഞതായി ഇവര്‍ പറയുന്നു. ഇതോടെ പഴ കച്ചവടക്കാര്‍ക്കും വില കുറച്ച് വില്‌ക്കേണ്ടി വരികയാണ്. റബര്‍ കൃഷി നടത്തിയിരുന്ന പല കര്‍ഷകരും റംമ്പുട്ടാന്‍ കൃഷിയിലേക്ക് തിരിഞ്ഞത് മേഖലയില്‍ ഉത്പാദനം കൂടാന്‍ ഇടയാക്കി. കനത്ത മഴ കാരണം വലിയതോതില്‍ കായ്‌കൊഴിച്ചില്‍ ഉണ്ടായതും ഇപ്പോള്‍ വിപണിയില്‍ വില്‍പ്പന കുറഞ്ഞതും റംബുട്ടാന്‍ കച്ചവടത്തില്‍ തിരിച്ചടിയായി. റംബുട്ടാന്‍ ജൂലൈ മുതല്‍ മൂന്നുമാസമാണ് വിളവെടുക്കുന്നത്. പാലായിലും പരിസര പ്രദേശങ്ങളുമായി പാതയോരങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി ആളുകളാണ് റംബുട്ടാന്‍ കച്ചവടം നടത്തുന്നത്.
0 Comments