Breaking...

9/recent/ticker-posts

Header Ads Widget

ശക്തമായ മഴയില്‍ തോടുകള്‍ കവിഞ്ഞ് ഒഴുകിയതോടെ പലഭാഗങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടു



ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയില്‍  താലൂക്കിലെ പല ഭാഗങ്ങളിലും തോടുകള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതോടെ പലഭാഗങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടു. അരീക്കരയിലും സമീപപ്രദേശങ്ങളിലും തോടുകള്‍ നിറഞ്ഞ വെള്ളം വഴിയിലൂടെ ഒഴുകിയത് വാഹന യാത്രകരെയും കാല്‍നടയാത്രികരെയും ദുരിതത്തിലാക്കി.  വൈക്കം പാല റോഡില്‍ വള്ളീച്ചിറ മണലേല്‍ പാലത്തിന് സമീപമുള്ള തോട് കരകവിഞ്ഞ് റോഡിലൂടെ ഒഴുകി.  മിനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കിടങ്ങൂര്‍, കുമ്മണ്ണൂര്‍, ചേര്‍പ്പുങ്കല്‍ തുടങ്ങിയ ഭാഗങ്ങളിലെ പാട ശേഖരങ്ങളില്‍ വെള്ളം കയറി.  


താലൂക്കിലെ തലനാട് ,മേലെടുക്കം, പാതാമ്പുഴ, തിടനാട്, അടിവാരം, തീക്കോയി എന്നീ മലയോര മേഖലകളില്‍ ശക്തമായ മഴ അനുഭവപ്പെട്ടു. പ്രാദേശിക മഴമാപിനികളില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തി. 100 മില്ലിമീറ്റര്‍ അധികം മഴ പലയിടത്തും രേഖപ്പെടുത്തി. തലനാട് പഞ്ചായത്തില്‍ 130 മില്ലി മീറ്റര്‍ അധികം മഴയുണ്ടായി. തീക്കോയി മംഗളഗിരി ഏരിയാറ്റുപാറ ഇലുപ്പിങ്കല്‍ തങ്കച്ചന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിന്റെ ഒരു ഭിത്തി തകര്‍ന്നു. സംഭവ സമയത്ത് വീട്ടില്‍ ഈ മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. തലനാട് മേലെടുക്കം വാര്‍ഡ് മെമ്പര്‍ ഷാജി കുന്നിലിന്റെ വീടിന്റെ മുകളിലേക്ക് കരിങ്കല്‍ക്കെട്ട് ഇടിഞ്ഞുവീണു. വീടിന് നാശനഷ്ടം ഉണ്ടായി. വീട്ടിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു.

Post a Comment

0 Comments