ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ അക്രമിയുടെ മര്‍ദ്ദനമേറ്റ് മരണമടഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ സ്വദേശി ശ്യാം പ്രസാദിന്റെ ആശ്രിതര്‍ക്ക് പോലീസ് സഹകരണ സംഘത്തിന്റെ സാന്ത്വനമായി 35 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക കൈമാറി. മാഞ്ഞൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് കുടുംബാംഗങ്ങള്‍ക്ക് തുക കൈമാറിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ സ്വന്തം ജീവിതം തന്നെ ബലിയര്‍പ്പിച്ച ശ്യാം പ്രസാദിന്റെ ഓര്‍മ്മകള്‍ സേനയ്ക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് മന്ത്രി പറഞ്ഞു. ശ്യാം പ്രസാദിന്റെ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിന് മറ്റൊന്നും പകരമാകില്ലെങ്കിലും കരുതലിന്റെ വലിയ സന്ദേശമാണ് പോലീസ് സഹകരണ സംഘം വഴി സഹപ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘവും കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘവും സഹപ്രവര്‍ത്തകരും സ്വരൂപിച്ച 60 ലക്ഷം രൂപ ഇതിനകം കുടുംബത്തിന് കൈമാറാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എസ്എന്‍ഡിപി ഹാളില്‍ യോഗത്തില്‍ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡണ്ട് കെ പി പ്രവീണ്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവൈഎസ്പി അരുണ്‍.കെ.എസ്, വിജിലന്‍സ് ഡിവൈഎസ്പി എ.സി തോമസ്, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ പ്രേംജി. കെ. നായര്‍, കോട്ടയം ജില്ല പോലീസ് സഹകരണ സംഘം പ്രസിഡണ്ട് അജിത്ത്.ടി. ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 2025 ഫെബ്രുവരി മാസം രണ്ടാം തീയതിയാണ് കോട്ടയത്തുനിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ കരിത്താസ് ഭാഗത്ത് തട്ടുകടയില്‍ പ്രശ്‌നമുണ്ടാക്കിയ ആളെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അക്രമിയുടെ മര്‍ദ്ദനമേറ്റ് ശ്യാം പ്രസാദ് മരണമടഞ്ഞത്.
0 Comments