മറ്റക്കര സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളിലെ കുട്ടി കര്‍ഷകര്‍ സ്‌കൂളിന്റെ പരിസരത്തെ ഒരേക്കറില്‍ ചെയ്ത ജൈവ കൃഷിത്തോട്ടവും പൂന്തോട്ടവും നാടിന് മാതൃകയാകുന്നു.കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സജിമോന്‍ ജോസഫാണ് പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിച്ചത്.സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ചെറിയ രീതിയില്‍ കൃഷി തുടങ്ങിയെങ്കിലും സ്‌കൂളിലെ ആവശ്യത്തിന് തികഞ്ഞിരുന്നില്ല.ഇതേ തുടര്‍ന്ന് എഫ്.സി കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സെലിന്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലം കുട്ടികള്‍ക്ക് കൃഷിയ്ക്കായി വിട്ടുകൊടുക്കുകയായിരുന്നു.
ഇപ്പോഴത്തെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷാലെറ്റും സഹായങ്ങള്‍ നല്‍കി. പാലാ രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയും പാലാ സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുന്നതിനായി രൂപീകരിച്ച ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയും കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ സഹായകരമായി .പാവല്‍,പടവലം,തക്കാളി,കോവല്‍,പയര്‍, വെണ്ട,വഴുതന,വിവിധ തരം മുളകുകള്‍,വിവിധ തരം ചീരകള്‍,ചേന, ചേമ്പ്, കാച്ചില്‍,മത്തന്‍,വെള്ളരി,കുമ്പളം, ഇവയെല്ലാം ഇവിടെ കൃഷി ചെയ്തു വരുന്നു. വളമിടുന്നതും,വെള്ളമൊഴിക്കുന്നതതും,കീടങ്ങളെ തുരത്തുന്നതും കുട്ടികള്‍ തന്നെ. പച്ചക്കറി കൃഷിയില്‍ നൂറുമേനി നേടിയതോടെ മീന്‍ വളര്‍ത്തലും,തേനിച്ച വളര്‍ത്തലും,കോഴി വളര്‍ത്തലും കൂടി തുടങ്ങിയിരിക്കുകയാണ് കുട്ടി കര്‍ഷകര്‍. കുട്ടികളെ സഹായിക്കാന്‍ സ്‌കൂള്‍ അധ്യാപകരായ ജോയല്‍ ബിജു,സിജാ ഷാജി,ജോബി ജെ,നൈസി മോള്‍ ജോസഫ്,പി റ്റി എ പ്രസിഡന്റ് റ്റിസ് ജോസ് വയലുങ്കല്‍, എം പി റ്റി എ പ്രസിഡന്റ് അശ്വതി അനു,വാര്‍ഡ് മെമ്പര്‍ ജാന്‍സി ബാബു തുടങ്ങിയര്‍ നേതൃത്വം നല്‍കുന്നു. അകലക്കുന്നം കൃഷി ഭവനിലെ കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഭാരതീയ പ്രകൃതി കൃഷി പാമ്പാടി ബ്ലോക്കുതല എല്‍ആര്‍പിയും ഹരികുമാര്‍ മറ്റക്കര കൃഷിയും മാലിന്യസംസ്‌കരണവും എന്ന വിഷയത്തില്‍ കൂട്ടികള്‍ക്ക് ക്ലാസെടുത്തു.





0 Comments