കടുത്തുരുത്തി ഐഎച്ച്ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദദാന സമ്മേളനം നടന്നു. അഡ്വ.മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ ഈ നാടിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.വി.എ.അരുണ്‍കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഠനം കഴിഞ്ഞ് ഇറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും കോളേജിന്റെ ബ്രാന്റ് അംബാസിഡര്‍ ആകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കുന്ന അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.പ്രൊഫ.സി.ടി. അരവിന്ദ കുമാര്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അഭിരുചിക്ക് അനുസരിച്ചുള്ള പഠനം സാധ്യമാക്കുന്നതാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്ധു എസ്, കംപ്യൂട്ടര്‍ സയന്‍സ് മേധാവി ബെറ്റി മാത്യു, പിടിഎ സെക്രട്ടറി സിന്ധു ആര്‍, കൊമേഴ്‌സ് വകുപ്പ് മേധാവി അനൂപ് കുര്യന്‍ പി എന്നിവര്‍ സംസാരിച്ചു. കൊമേഴ്‌സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്കുള്ള അനന്തു ഗോപി സ്മാരക എന്‍ഡോവ്‌മെന്റ് അഡ്വ .മോന്‍സ് ജോസഫ് എംഎല്‍എ, എം.കോം ബിരുദാനന്തര വിദ്യാര്‍ത്ഥിനിയായിരുന്ന കുമാരി അനില ഷാജിക്ക് സമ്മാനിച്ചു.
0 Comments