Breaking...

9/recent/ticker-posts

Header Ads Widget

എസ്.ഐ.ആര്‍ ന് കോട്ടയം ജില്ലയില്‍ തുടക്കം.



പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ എസ്.ഐ.ആര്‍ന് കോട്ടയം ജില്ലയില്‍ തുടക്കം. വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എല്‍.ഒമാര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തി എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വോട്ടറായ  108 വയസ് പിന്നിട്ട മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകള്‍  90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടര്‍ ഫോം കൈമാറി. 

മുതിര്‍ന്ന വോട്ടര്‍ കൂടിയായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിനെയും വീട്ടില്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ എന്യൂമറേഷന്‍ ഫോം നല്‍കി.  ഭിന്നശേഷിക്കാരനായ തിരുനക്കര സ്വദേശി വടക്കേടത്തു വാര്യത്ത് ഉണ്ണികൃഷ്ണന്‍,  കാരാപ്പുഴ മാളികപ്പീടികയിലെ 97 വയസ് പിന്നിട്ട ചെല്ലപ്പന്‍, ഭാര്യ ജാനകി, മാളികപ്പീടികയിലെ 90 വയസുള്ള മണിയമ്മ, പനച്ചിക്കാട് മലവേടന്‍ കോളനിയിലെ ചെല്ലമ്മ എന്നിവരുടെ വീടുകളിലും ഫോം നല്‍കുന്നതിനായി കളക്ടറെത്തി. ഫോം വിതരണത്തിനും പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതിനുമായി നവംബര്‍ നാലു മുതല്‍ ഡിസംബര്‍ നാലുവരെയാണ് ബി.എല്‍.ഒമാര്‍ ഭവനസന്ദര്‍ശനം നടത്തുന്നത്. ഈ വര്‍ഷം വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും എന്യൂമറേഷന്‍ ഫോം നല്‍കും. ബി.എല്‍.ഒമാര്‍ നല്‍കുന്ന രണ്ട്  ഫോമുകളും പൂരിപ്പിച്ച് നല്‍കണം.ഒരു കളര്‍ ഫോട്ടോയും(നിര്‍ബന്ധമല്ല) ഫോമില്‍ പതിക്കാം. ഫോം പൂരിപ്പിക്കാന്‍ ബി.എല്‍.ഒമാരുടെ സഹായം തേടാം. ഓണ്‍ലൈനായും ഫോം പൂരിപ്പിക്കാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പരിലോ ജില്ലയിലെ ഹെല്‍പ് ഡെസ്‌കിലോ ബന്ധപ്പെടാം. കോട്ടയം കളക്ട്രേറ്റിലെ ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 0481 256008.


Post a Comment

0 Comments