Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലൂര്‍ മൂകാംബികാ ദേവി സന്നിധിയില്‍ മഹാ ശതചണ്ഡികാ ഹോമത്തിന് തുടക്കമായി.



കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയില്‍ മഹാ ശതചണ്ഡികാ ഹോമത്തിന് തുടക്കമായി. ശ്രീ മൂകാംബിക ഡിവോട്ടീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് നവംബര്‍ 2 മുതല്‍ 4 വരെ മഹാ ശതചണ്ഡികാ യാഗം നടക്കുന്നത്. ആദിപരാശക്തിയായ ദേവിയുടെ ഉഗ്രരൂപമായ ചണ്ഡികാ ദേവിയ്ക്കു മുന്നില്‍ ദേവീ മാഹാത്മ്യ ശ്ലോകങ്ങള്‍ ചൊല്ലിയാണ് ചണ്ഡികാ യാഗം നടക്കുന്നത്.  ക്ഷേത്രത്തിലെ പ്രധാന പൂജാരിയും  മുഖ്യ അര്‍ച്ചകനുമായ ബ്രഹ്‌മശ്രീ KN നരസിംഹ അഡിഗയുടെയുടെയും അദ്ദേഹത്തിന്റെ പുത്രന്‍ ബ്രഹ്‌മശ്രീ KN സുബ്രഹ്‌മണ്യ അഡിഗയുടെയും നേതൃത്വത്തിലാണ് പുരോഹിതര്‍ ദേവീ മാഹാത്മ്യം പാരായണം ചെയ്ത് മഹാ ശതചണ്ഡികാ യാഗം നടത്തുന്നത്. 
രാവിലെ 9 ന് ഗണപതി ഹോമത്തോടെയാണ് യാഗശാലയില്‍ ശതചണ്ഡികാ യാഗ ചടങ്ങുകള്‍ ആരംഭിച്ചത്. ഗോദാനം, മണ്ഡല ദര്‍ശനം,  കലശസ്ഥാപനം എന്നിവയ്ക്കു ശേഷം പാരായണം ആരംഭിച്ചു. ഗണപതി ഹോമവും, ഗായത്രി ഹോമവും നടന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്തിനിര്‍ഭരമായ കലശ ദീപാരാധനയും നടന്നു. വൈകീട്ട് നവാക്ഷരി ജപം, കലശപൂജ,  ദുര്‍ഗ്ഗാ ഹോമം, കുങ്കുമാര്‍ച്ചന, സുവാസിനി പൂജ, കുമാരി പൂജ എന്നിവയാണ് യാഗശാലയില്‍ നടന്നത്. നവംബര്‍ 4 ന് മഹാ ശതചണ്ഡികാ യാഗം സമാപിക്കും. പുരോഹിതര്‍ ദേവി മാഹാത്മ്യം ചൊല്ലി ശതചണ്ഡികാ യാഗം നടത്തുമ്പോള്‍ പ്രാര്‍ത്ഥനകളോടെ ഭക്തര്‍ ചടങ്ങുകളില്‍ പങ്കു ചേരുന്നു. ചണ്ഡികാ ദേവിയുടെ അനുഗ്രഹവും വിദ്യാവിജയ ലബ്ധിക്കും ദുരിതങ്ങള്‍ നീങ്ങി ഐശര്യത്തിനും ലോകരക്ഷയുമായി നടത്തുന്ന മഹാ ശതചണ്ഡികാ യാഗത്തില്‍ നിരവധി ഭക്തരാണ് പങ്കെടുക്കുന്നത്.  ശതചണ്ഡികാ യാഗത്തിനായി ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്റ്റ് അംഗങ്ങളുടെ ആഴ്ചകളോളം നീണ്ട ചിട്ടയായ  പ്രവര്‍ത്തനങ്ങളാണ് നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ കൂടുതലായി മൂകാംബിക ഭക്തജന കൂട്ടായ്മയായ SREE MOOKAMBIKA DEVOTEES എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ വച്ച് എല്ലാ മാസവും മഹാ നവചണ്ഡികാ യാഗം വിപുലമായ രീതിയില്‍ നടത്തിവരുന്നു. നിശ്ചിത അംഗങ്ങള്‍ എല്ലാ മാസവും നിശ്ചിത തുക വീതം മാറ്റിവച്ചാണ് ഇത് നടത്തുന്നത്. ഭാഗമായ എല്ലാവരുടെയും പേരും നക്ഷത്രവും ഉള്‍പ്പെടുത്തി സങ്കല്പം ചെയ്യുന്ന ഹോമത്തിന്റെ പ്രസാദം നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് പോസ്റ്റ് വഴി അയച്ചു നല്‍കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പ്രതിമാസ ഹോമം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി ഈ വര്‍ഷം നവംബര്‍ 2,3,4 തീയതികളില്‍ ആയി പ്രത്യേകം സജ്ജീകരിച്ച യാഗശാലയില്‍ വച്ച് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി മഹാ ശതചണ്ഡികാ യാഗം നടത്തുവാന്‍ നിശ്ചയിക്കുകയായിരുന്നു. ജഗദംബികയായ മൂകാംബികാ ദേവീയുടെ ദര്‍ശനപുണ്യം നേടുവാനെത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന സേവനങ്ങളും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളും ആണ് ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്റ്റ് നടത്തി വരുന്നത്.  ക്ഷേത്രത്തിലെ ആഘോഷങ്ങളും പൂജാക്രമങ്ങളും വഴിപാടുകളും ഓരോ വര്‍ഷത്തെയും വിശേഷ ദിവസങ്ങളും ഉള്‍പ്പെടുത്തി ശ്രീ മൂകാംബിക ഡിവോട്ടീസ് ട്രസ്റ്റ് പുറത്തിറക്കുന്ന ഡയറി ഭക്തര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ദേവിയുടെ വര്‍ണ്ണ ചിത്രങ്ങളടങ്ങിയ ഡയറിയാണ് മൂകാംബികാ ദേവിയുടെ ഭക്തര്‍ക്കായി  ഡിവോട്ടീസ് ട്രസ്റ്റ് ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്നത്. ചെയര്‍മാന്‍ അഡ്വ RS പ്രശാന്തിന്റെയും, സെക്രട്ടറി അഡ്വ സിമ ശശിധരന്റേയും, കോ ഓര്‍ഡിനേറ്റര്‍ പൃഥ്വിരാജിന്റെയും നേതൃത്വത്തില്‍ ആണ് ശ്രീമൂകാംബിക ഡിവോട്ടീസ് ട്രസ്റ്റ് പ്രവര്‍ത്തകര്‍ മഹാ ശതചണ്ഡികാ യാഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂകാംബിക ദേവി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ചണ്ഡികാ യാഗത്തിന്റെ ദര്‍ശന സൗഭാഗ്യവും ലഭിക്കുകയാണ്. മൂകാംബികാ ദേവി സന്നിധിയില്‍ നിരവധി ഭക്തരാണ് ചണ്ഡികാ ഹോമ സമര്‍പ്പണംനടത്തുന്നത്.


Post a Comment

0 Comments