പട്ടിത്താനത്ത് സമന്വയ മള്‍ട്ടി സെന്‍സറി പാര്‍ക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗര്‍ നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് സമന്വയ മള്‍ട്ടി സെന്‍സറി പാര്‍ക്ക് സ്ഥാപിച്ചത്. ഇതോടനുബന്ധിച്ച് പൂര്‍ത്തീകരിച്ചിട്ടുള്ള മള്‍ട്ടി സെന്‍സറി യൂണിറ്റുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം മാത്യു, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21 ലക്ഷം രൂപയും, 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് സെന്‍സറി പാര്‍ക്കിനായി വിനിയോഗിച്ചു. ശൈശവാവസ്ഥയില്‍ തന്നെ കുട്ടികളുടെ വളര്‍ച്ച വ്യതിയാനം ആശയ വിനിമയ വൈകല്യം എന്നിവ കണ്ടെത്തുന്നതിനും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പരിമിതികളെ മറികടക്കാനും പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്താനും വികാസവീഥി കണ്ടെത്തുന്നതിനും സെന്‍സറി പാര്‍ക്കിന്റെ സേവനം ഉപകാരപ്പെടും. ഈ കേന്ദ്രത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍, കൗണ്‍സിലര്‍മാരുടെ സേവനം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഇനം തെറാപ്പികള്‍ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും, എസ്.എസ്.കെ കോട്ടയം, സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കുമായി വിവിധ തെറാപ്പികളും പരിശീലനവും നല്‍കും.





0 Comments