ലോകസമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായെത്തുന്ന ക്രിസ്മസിന്റെ വരവിനെ വിളിച്ചറിയിക്കുകയാണ് കരോള്‍ സംഘങ്ങള്‍. ഗായകസംഘത്തിന്റെ കരോള്‍ ഗാനാലാപനത്തിനും വാദ്യമേളങ്ങള്‍ക്കുമൊപ്പം നൃത്തച്ചുവടുകളുമായാണ് ക്രിസ്മസ് പാപ്പ വീടുകളിലെത്തുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ സുലഭമായ ക്രിസ്മസ് പാപ്പായുടെ കോട്ടും പാന്റും മുഖംമൂടിയും താടിയും എല്ലാമണിഞ്ഞ് താളച്ചുവടുകളുമായി എത്തുന്ന പാപ്പാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരനാണ്.
ക്രിസ്മസ് രാവുകളെ സംഗീത സാന്ദ്രമാക്കുന്ന കരോള്‍ ഗാനങ്ങളുമായി ചെറുപ്പക്കാരുടെ സംഘം ഗ്രാമവീഥികളിലുടെ കടന്നെത്തുമ്പോള്‍ അവര്‍ക്കൊപ്പം പാട്ടുപാടി സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് ഓരോ വീടുകളിലും നല്‍കുന്നത്. ഒരുകാലത്ത് രാത്രിയില്‍ റാന്തല്‍ വെളിച്ചത്തിലായിരുന്നു ഗായകസംഘത്തിന്റെ യാത്രയെങ്കില്‍ ഇപ്പോള്‍ എല്‍ഇഡി ലൈറ്റിന്റെ വെളിച്ചത്തിലാണ് സംഘത്തിന്റെ സഞ്ചാരം. പത്തും പതിനഞ്ചും പേരടങ്ങുന്ന കരോള്‍ ഗാനസംഘങ്ങള്‍ ക്രിസ്മസ് പാപ്പയുടെ തൊപ്പിയും ധരിച്ച് വര്‍ണ്ണങ്ങള്‍ വാരിവിതറി താളമേളങ്ങളുമായി ക്രിസ്മസ് തലേന്നു വരെ നാടെങ്ങും തിരുപ്പിറവിയുടെ സന്ദേശമെത്തിക്കും.





0 Comments