പാലാ ടി.ബി റോഡിന് സമീപം പുതിയ ഓട്ടോസ്റ്റാന്റ് അനുവദിച്ചു. മണര്‍കാട് റോഡില്‍ നിന്നും പാലാ ഈരാട്ടുപേട്ട മെയിന്‍ റോഡിലേയ്ക്കുള്ള കോണ്‍ക്രീറ്റ് റോഡിലാണ് പുതിയ സ്റ്റാന്‍ഡ് അനുവദിച്ചത്. ഈ റോഡ് മലിനീകരിക്കപ്പെട്ട് പരിസരത്തുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലുമാവാത്ത ഗതികേടിലായിരുന്നു. മൂത്രപ്പുരയായി മാറിയ ഇവിടം നഗരസഭയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ നേതാവ് ജോസുകുട്ടി പൂവേലില്‍ അടക്കമുള്ളവരുടെ നിരന്തര ആവശ്യ പ്രകാരമാണ് തീരുമാനം ഉണ്ടായത്. ടിബി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോകള്‍ക്കായാണ് ഇവിടെ സ്റ്റാന്‍ഡ് അനുവദിച്ചത്. എന്നാല്‍ ഈ ഇടനാഴിയില്‍ ഒരേസമയം രണ്ട് ഓട്ടോറിക്ഷകള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ. ഏഴ് ഓട്ടോറിക്ഷകള്‍ക്കായാണ് ഇവിടെ സ്റ്റാന്‍ഡ് സൗകര്യം അനുവദിച്ചു കൊടുത്തിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും തടസ്സങ്ങള്‍ ഉണ്ടാക്കി പാര്‍ക്ക് ചെയ്യരുതെന്ന വ്യവസ്ഥയില്‍ ഈ ഭാഗത്ത് മറ്റ് വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിക്കുകയും ഒരേ സമയത്ത് രണ്ട് ഓട്ടോറിക്ഷകള്‍ മാത്രം പാര്‍ക്ക് ചെയ്യാനുള്ള അനുമതിയുമായാണ് പുതിയ സ്റ്റാന്റ് തുടങ്ങുന്നത്.





0 Comments