പാലയിലെ മാംസവില്പനശാലകളില്‍ സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് വില കൂടുതലാണെന്ന പരാതി പരിഹരിക്കാന്‍ നഗരസഭ. പൊതുജനങ്ങളില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം മാംസക്കട ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്തു. ചര്‍ച്ചകള്‍ക്ക് ശേഷം പോത്തിറച്ചിയുടെ വില്പനവില 435 ആയും പന്നിയിറച്ചിയുടെ വില 340 ആയും നിശ്ചയിച്ചു . വിലനിലവാരം കടകളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം എന്നും ഏതെങ്കിലും വ്യാപാരികള്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നഗരസഭയില്‍ അറിയിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പറഞ്ഞു. കടയും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും വൃത്തിയായ വസ്ത്രധാരണം ഉണ്ടായിരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ 10 ദിവസത്തെ സാവകാശം നല്കി. ശേഷം നഗരസഭ ഉദ്യോഗസ്ഥര്‍ കടകള്‍ പരിശോധിക്കുകയും തീരുമാനം ലംഘിച്ച്
പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് എടുക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. നഗരസഭ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാത്ത കടകളില്‍ കര്‍ശന പരിശോധന നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്തത്. നഗരസഭ ഉദ്യോഗസ്ഥരും മറ്റു കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു.





0 Comments