കേരളത്തില്‍ പകല്‍ താപനില കൂടുകയും രാത്രി തണുപ്പ് അസാധാരണമായി വര്‍ധിക്കുകയും ചെയ്യുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നു. പനിയും ജലദോഷവും തൊണ്ടവേദനയുമെല്ലാം ബാധിക്കുന്നതോടൊപ്പം ആഴ്ചകളോളം നീളുന്ന ചുമയും ശ്വാസം മുട്ടലുമെല്ലാം ബാധിക്കുന്നവരാണേറെയും. പനി മാറിയാലും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചുമയില്‍ വലയുകയാണ് രോഗികള്‍.
രണ്ട് ആഴ്ചയില്‍ അധികം തുടരുന്ന ചുമയും കഫക്കെട്ടുമായി മെഡിക്കല്‍ കോളേജില്‍ അടക്കം എത്തുന്ന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ കൂടി വരികയാണ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനവും കോവിഡിന് ശേഷം വന്ന രോഗാണുക്കളുടെ രൂപം മാറ്റവും രോഗവ്യാപനത്തിന് കാരണമാണ്. തൊണ്ട വേദനയില്‍ തുടങ്ങി ചുമയിലേയ്ക്ക് രോഗം പടരുന്നതും പതിവാണ്. ശരീരത്തെ ബാധിക്കുന്ന വൈറസ് നശിച്ചു പോകാത്തത് ആണ് ചുമ തുടരാന്‍ കാരണം. ചുമയും കഫക്കെട്ടും മാത്രമേയുള്ളൂ എന്ന് ആശ്വസിച്ച് സ്വയം ചികിത്സ പാടില്ല എന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ചുമ ഏറെ ദിവസം നീണ്ടാല്‍ ശ്വാസകോശത്തെ ബാധിയ്ക്കാനും സാധ്യത ഉണ്ട്. ഡോക്ടറുടെ സേവനം തേടി ശരിയായ മരുന്നു കഴിയ്ക്കണം. ഡോക്ടര്‍ നിശ്ചയിക്കാതെ ആന്റിബയോട്ടിക്കും പാടില്ല. ചുമ മരുന്നുകളുടെ ദുരുപയോഗം ഒഴിവാക്കണമെന്നും, രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനാല്‍ പൊതുസ്ഥലങ്ങളിലെ സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നും മാസ്‌ക് ഉപയോഗിക്കണമെന്നും ഉപ്പുവെള്ളം കവിള്‍ കൊള്ളണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.





0 Comments