Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ ചാവറയച്ചന്റെ തിരുന്നാള്‍ ഭക്തിപുരസ്സരം ആഘോഷിച്ചു.



മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുന്നാള്‍ ഭക്തിപുരസ്സരം ആഘോഷിച്ചു. പ്രധാന തിരുനാള്‍ ദിനമായ  ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പിടിയരി ഊട്ടു നേര്‍ച്ചയിലും, വൈകിട്ട് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു.19-ാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത വിശുദ്ധ ചാവറ പിതാവ്,  കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി അവര്‍ക്ക് സ്‌കൂളില്‍ തന്നെ ഭക്ഷണം നല്കുക എന്ന പദ്ധതി ആരംഭിച്ചു. 

സ്‌കൂളില്‍ ഭക്ഷണം നല്കുന്നതിനുള്ള അരി ശേഖരിക്കുന്നതിനായിരുന്നു പിടിയരി സമ്പ്രദായം തുടങ്ങിയത്. കേരളത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ ചാവറയച്ചന്‍ നല്കിയ വിലപ്പെട്ട സംഭാവന കളില്‍ ഒന്നാണിത്. ഈ  സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മയിലാണ് വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മാന്നാനം ആശ്രമ ദൈവാലയത്തില്‍ പ്രധാന തിരുനാള്‍ ദിനത്തില്‍ പിടിയരി ഊട്ടുനേര്‍ച്ച നടത്തിവരുന്നത്. പ്രാര്‍ത്ഥനാ നിയോഗത്തോടെ ഊട്ടു നേര്‍ച്ചയില്‍   സംബന്ധിക്കുന്നവര്‍ക്ക് പ്രത്യേകാനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനേകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശുദ്ധ ചാവറയച്ചന്‍  തുടക്കം കുറിച്ച സാമൂഹിക വിപ്ലവമായ പിടിയരി ശേഖരണത്തിന്റെയും, ഭക്ഷണ വിതരണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഊട്ടു നേര്‍ച്ചയില്‍  നിരവധി വിശ്വാസികളാണ്  ജാതിമതഭേദമന്യേ  പങ്കെടുത്തത്. അച്ചാര്‍, പയര്‍, അവിയല്‍, സാമ്പാര്‍ തുടങ്ങിയ ഭക്ഷണ വിഭവങ്ങളാണ്  പിടിയരി ഊട്ടു നേര്‍ച്ചയില്‍ വിളമ്പിയത്. ഏറ്റുമാനൂര്‍  കെഎന്‍ബി കണ്ണനാണ് കഴിഞ്ഞ 10  വര്‍ഷങ്ങളായി ഊട്ടു നേര്‍ച്ച തയ്യാറാക്കുന്നത്. രാവിലെ സിഎംഐ സഭയുടെ  തിരുവനന്തപുരം പ്രവിന്‍ഷ്യല്‍  ഫാദര്‍ ആന്റണി ഇളംത്തോട്ടവും, പ്രിയോര്‍ ജനറാള്‍ ഫാ. തോമസ് ചാത്തന്‍പറമ്പിലും, സിഎംഐ സഭയിലെ   അമ്പതിലേറെ നവവൈദികരും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.


Post a Comment

0 Comments