ശ്രീ പരമേശ്വരന്റെ ജന്മനാളായ തിരുവാതിരയില്‍ സ്ത്രീകള്‍ വ്രതവിശുദ്ധിയോടെ തിരുവാതിര കളിയും, പാതിരാപ്പൂ ചൂടലും അടക്കമുള്ള ചടങ്ങുകളില്‍ പങ്കു ചേര്‍ന്നു. ധനുമാസത്തിലെ തിരുവാതിര നാളില്‍ ഉറക്കമാഴിച്ച് തിരുവാതിര കളിക്കുന്ന പരമ്പരാഗത രീതിയില്‍ത്തന്നെയാണ് വിവിധ സ്ഥലങ്ങളില്‍ തിരുവാതിര ആഘോഷം നടന്നത്. പഴമയും പാരമ്പര്യവും ഒപ്പം പുതുമയും ഒത്തുചേര്‍ന്നപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഒരേ മനസ്സോടെ തിരുവാതിര കളിയില്‍ പങ്കു ചേര്‍ന്നു. വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിലും വീടുകളിലും ധനുമാസ തിരുവാതിര ആഘോഷം നടന്നു.മകയിരം നാളില്‍ എട്ടങ്ങാടി നിവേദിച്ച് തിരുവാതിരനാളില്‍ നോമ്പുനോറ്റ് രാത്രി തിരുവാതിരകളി എന്നതാണ് പതിവെങ്കിലും ഇത്തവണ ശനിയാഴ്ച വൈകീട്ടു തന്നെ തിരുവാതിര നാള്‍ തീരുന്നതുകൊണ്ട് എട്ടങ്ങാടിയും തിരുവാതിരകളിയും പാതിരാപ്പൂ ചൂടലും വെള്ളിയാഴ്ച നടന്നു. തിരുവാതിര നക്ഷത്രം ശനിയാഴ്ച വൈകുനേരം 5.28 ന് അവസാനിക്കുന്നതിനാല്‍ തിരുവാതിര കളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ വെള്ളിയാഴ്ച രാത്രി തന്നെ നടക്കുകയായിരുന്നു . മകയിരം നാളില്‍ മക്കളുടെ ഐശ്വര്യത്തിനായി നോമ്പെടുക്കുമ്പോള്‍ തിരുവാതിരനാളില്‍ വിവാഹിതരായ സ്ത്രീകള്‍ നെടുമംഗല്യത്തിനും കന്യകമാര്‍ ഉത്തമ ഭര്‍ത്തൃ പ്രാപ്തിക്കായുമാണ് വ്രതമെടുക്കുന്നത്. കിടങ്ങൂരില്‍ ഗണപതി ക്ഷേത്ര ഓഡിറ്റേറിയത്തില്‍ തിരുവാതിരകളിയും ആഘോഷങ്ങളും നടന്നു.





0 Comments