ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ അപൂര്‍വ്വ ചുവര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോമിക്കുന്നു. പടിഞ്ഞാറെ ഗോപുരത്തിലെ ചുവരുകളിലാണ് അപൂര്‍വങ്ങളായ പ്രാചീന ചൂര്‍ച്ചിത്രങ്ങളുള്ളത് . ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രത്യേകം താല്പര്യമെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിദഗ്ധ കലാകാരന്മാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പച്ചിലകള്‍ ഉപയോഗിച്ച് നിറക്കൂട്ട് തയ്യാറാക്കി വരച്ചിട്ടുള്ള ചുവര്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ചായം മങ്ങാത്ത വിധം ആണ് ചിത്രങ്ങള്‍ തെളിക്കുന്നത്. ഭിത്തിയില്‍ തേപ്പ് ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. 56 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ചുവര്‍ ചിത്ര സംരക്ഷണ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള ചുവര്‍ ചിത്രങ്ങള്‍ ഉള്ളത്. ക്ഷേത്രത്തിന് പടിഞ്ഞാറ് ഗോപുര ഭിത്തിയുടെ അകത്തും പുറത്തും വരച്ചിട്ടുള്ള ചുവര്‍ ചിത്രങ്ങള്‍ ലോകപ്രശസ്തമാണ്. പ്രാചീന ദ്രാവിഡ കലയുടെ പില്‍ക്കാല അനുബന്ധങ്ങളാണ് ഇവ. ശിവതാണ്ഡവമാണ് ഏറെ ശ്രദ്ധേയം. തറയില്‍ കിടക്കുന്ന അസുരന്റെ മേല്‍ പരമശിവന്‍ നടത്തുന്ന ബ്രഹ്‌മാണ്ഡ താണ്ഡവം, വീണ വായിക്കുന്ന സരസ്വതി, ഓടക്കുഴലൂതുന്ന ദേവേന്ദ്രന്‍, താളം പിടിക്കുന്ന ബ്രഹ്‌മാവ്, മിഴാവ് വായിക്കുന്ന വിഷ്ണു, പാട്ടുപാടുന്ന ലക്ഷ്മി ദേവി, വാഴ്ത്തുന്ന മുനിമാര്‍ എന്നിവരെയെല്ലാം ചിത്രത്തില്‍ മനോഹരമായി വരച്ചുചേര്‍ത്തിട്ടുണ്ട്.





0 Comments