ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ കുടുംബശ്രീ രാത്രി നടത്തവും ഗോൾ ചലഞ്ചും സംഘടിപ്പിച്ചു. കുടുംബശ്രീ സംസ്ഥാന മിഷൻ കഴിഞ്ഞ നാല് വർഷങ്ങളായി ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ ‘നയിചേതന 4.0’ ദേശീയ ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണ്. ലിംഗാധിഷ്ഠിത അതിക്രമവും വിവേചനവും, സാമ്പത്തിക ശാക്തീകരണം, സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിലെ പരിമിതികൾ, ഗാർഹിക പരിചരണ ജോലിയുടെ ഭാരം, ആസ്തികളുടെ പരിമിതമായ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയിചേതന 4.0 ദേശീയ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ, കോട്ടയം നഗരസഭ സിഡിഎസുമായി ചേർന്ന് ജനുവരി 16-ന് ഗാന്ധിനഗർ ജംഗ്ഷനിൽ നിന്ന് ചെമ്മനംപടി ഭാഗത്തേക്ക് രാത്രി നടത്തം സംഘടിപ്പിച്ചു. മുടിയൂർക്കര പള്ളിക്കു സമീപമുള്ള ടറഫിൽ ഗോൾ ചലഞ്ചും നടന്നു. പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ സ്വാഗതം പറഞ്ഞു. കോട്ടയം നോർത്ത് സിഡിഎസ് ചെയർപേഴ്സൺ നളിനി ബാലൻ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പാലിറ്റി ചെയർമാൻ സന്തോഷ് കുമാർ എം. പി. പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ അനു ലൂക്കോസ്, ബിൻസി സെബാസ്റ്റ്യൻ, റെജിമോൻ, റൂബി ജോയ്, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി ബേബി, സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദു ശിവൻ, സിഡിഎസ് മെമ്പർ ജിഷ ഇ. ജെയിംസ്, എഡിഎസ് പ്രസിഡന്റ് മിനി രാജ്, ജില്ലാ പ്രോഗ്രാം മാനേജർ ഉഷാദേവി ഇ. എസ്. സ്നേഹിത കൗൺസിലർ ഡോ : ഉണ്ണി മോൾ എന്നിവർ സംസാരിച്ചു. ഗാന്ധിനഗറിൽ നിന്ന് മുടിയൂർക്കര ടറഫിലേയ്ക്ക് നടന്ന പരിപാടികളിലും തുടർന്ന് സംഘടിപ്പിച്ച ഗോൾ ചലഞ്ചിലും കുടുംബശ്രീ പ്രവർത്തകരും എഡിഎസ്, സിഡിഎസ് അംഗങ്ങളും സ്നേഹിത ഉദ്യോഗസ്ഥരും ഉൾപ്പെയുള്ളവർ പങ്കെടുത്തു.





0 Comments