തീര്‍ത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നു നോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. തിരുനാളിന് മുന്നൊരുക്കമായി ശനിയാഴ്ച വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഫാ.ബിനോയി കരിമരുതിങ്കല്‍ പിഡിഎം നയിക്കുന്ന സായാഹ്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുമെന്ന് വലിയപള്ളി വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.45ന് വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ തിരുനാളിന് കൊടിയേറ്റും. വൈകുന്നേരം 5.30ന് വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കപ്പേളയില്‍ ലദീഞ്ഞ്, തുടര്‍ന്ന് പ്രദക്ഷിണം വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ കപ്പേളയിലെത്തി പ്രാര്‍ത്ഥന നടത്തി ആറിന് ദേവാലയത്തില്‍ പ്രവേശിക്കും. 7.15ന് മെഴുകുതിരി പ്രദക്ഷിണമായി മുത്തിയമ്മയുടെ തിരുസ്വരൂപം മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ലൂര്‍ദ്ദ് ഗ്രോട്ടോയിലെത്തിച്ചു പ്രതിഷ്ഠിക്കും. 27ന് രാത്രി ഏഴിന് ലൂര്‍ദ് കപ്പേളയില്‍ ലദീഞ്ഞ്, തുടര്‍ന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയപള്ളിയിലെത്തിച്ചു 8.30ന് കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ തിരുസ്വരൂപം പ്രതിഷ്ഠിക്കും. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍.റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും. ഒമ്പതിന് ആരംഭിക്കുന്ന പുറത്ത് നമസ്‌ക്കാര ശുശ്രൂഷകള്‍ക്ക് അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ.മൈക്കിള്‍ നെടുംതുരുത്തി പുത്തന്‍പുരയില്‍, ഫാ.സിറിയക് പടപുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. തിരുനാളിനോടുനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പള്ളിയധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൈക്കാരന്മാരായ ജോയി മണലേല്‍, ജിയോ കുന്നശ്ശേരില്‍, ബിജു പൂവക്കോട്ടില്‍, പ്രസുദേന്തി ജോയി മണലേല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments