ശബരിമല തീര്‍ത്ഥാടകരുടെയും ജൂബിലി തിരുന്നാളാഘോഷത്തിന്റെയും തിരക്കേറുന്ന സാഹചര്യത്തില്‍ പാലാ ടൗണില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി മാണി സി. കാപ്പന്‍ എം.എല്‍.എ. കടപ്പാട്ടൂര്‍ ഇടത്താവളത്തിലെത്തുന്ന അയ്യപ്പ ഭക്തരുടെ വലിയ തിരക്കാണ് ടൗണില്‍ അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ജൂബിലി തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നതോടെ തിരക്ക് വര്‍ധിക്കും. പി.ഡബ്ല്യു.ഡി റോഡുകളിലെ സീബ്രാ ലൈനുകള്‍ തെളിക്കുന്നതിനും ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നതിനും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി MLA അറിയിച്ചു . ടൗണില്‍ നിന്ന് വിവിധ റോഡുകളിലേക്ക് 31 കിലോമീറ്റര്‍ നീളത്തിലാണ് ഇരു വശങ്ങളിലെയും മാര്‍ക്കിംഗുകള്‍ തെളിക്കുന്നത്. പൂഞ്ഞാര്‍ ഹൈവേയിലെ മേരിഗിരി ജംഗ്ഷനിലും രാമപുരം റോഡില്‍ ലയണ്‍സ് ക്ലബ്ബ് ഭാഗത്തും വേഗനിയന്ത്രണത്തിനുള്ള ക്രമീകരണവും അനുമതിയായിട്ടുണ്ട്. കുരിശു പള്ളി ജംഗ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ ഭാഗം വരെ വാഹന പാര്‍ക്കിങ്ങ് നിരോധിക്കണമെന്ന പൊതുജനാഭിപ്രായം ട്രാഫിക് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കാല്‍നടക്കാര്‍ക്കായുള്ള സീബ്രാ ലൈന്‍ എം.എല്‍.എ ഓഫീസിന്റെ മുന്‍ഭാഗത്തേക്ക് ക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തികളെല്ലാം ധൃതഗതിയില്‍ പൂര്‍ത്തീയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ഡലകാല ക്രമീകരണങ്ങള്‍ക്കും ജൂബിലി തിരുനാള്‍ നടത്തിപ്പിനുമായി ആരോഗ്യം, പോലീസ്, ഇലക്ട്രിസിറ്റി, എക്‌സൈസ്, വാട്ടര്‍ അതോററ്റി, ട്രാഫിക്, റവന്യൂ എന്നീ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലുണ്ടായ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പാലായിലൂടെ കടന്നുവരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കാന്‍ തയ്യാറാകണമെന്നും പരാതികളില്ലാതെ ജൂബിലി തിരുനാള്‍ ഭംഗിയാക്കാനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ സഹകരണമുണ്ടാകണമെന്ന് മാണി സി കാപ്പന്‍ അഭ്യര്‍ത്ഥിച്ചു.





0 അഭിപ്രായങ്ങള്‍