കടുത്തുരുത്തി: കുറുപ്പന്തറ ജംഗ്ഷൻ വികസനത്തിനും, പുളിന്തറ വളവ് നികർത്തുന്നത് ഉൾപ്പെടെയുള്ള വികസന ആവശ്യങ്ങൾക്ക് വേണ്ടി സ്ഥലം എറ്റെടുക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പുതിയ റവന്യൂ മന്ത്രി കെ. രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുറുപ്പന്തറ പുളിന്തറ വളവിൽ ഉൾപ്പെടെ നിരന്തരമായി അപകടങ്ങൾ സംഭവിച്ചിട്ടും വളവ് നികർത്താൻ നിശ്ചയിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാതെ സർക്കാർ വരുത്തിയിട്ടുള്ള കാലതാമസം മനുഷ്യ ജീവൻ പന്താടുന്ന ക്രൂരമായ നിലയിലേക്കാണ് മാറിയിരിക്കുന്നതെന്ന് മോൻസ് ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി. കുറുപ്പന്തറ ജംഗ്ഷൻ വികസനവും, അപകട വളവുകൾ നികർത്തുന്നതും നടപ്പാക്കണമെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുത്ത് തന്നാൽ മാത്രമേ സാധ്യമാകൂയെന്ന യാഥാർത്ഥ്യം എം.എൽ.എ മന്ത്രീമാരെ ബോദ്ധ്യപ്പെടുത്തി. ഏറ്റുമാനൂർ - എറണാകുളം റോഡിൽ പട്ടിത്താനം മുതൽ തലയോലപ്പറമ്പ് വരെ കടുത്തുരുത്തി അസംബ്ളി മണ്ഡലത്തിൽ ഉൾപ്പെടുന്ന വിവിധ അപകട വളവുകൾ നികർത്തുന്നതിനുള്ള പദ്ധതിക്ക് ആദ്യമായി രൂപം നൽകിയത് അഡ്വ. മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന 2009 കാലഘട്ടത്തിലാണ്. 50 ലക്ഷം രൂപ വകുപ്പ് തലത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്ക്കരിക്കാൻ പ്രാഥമിക ഉത്തരവ് 17/2/2009 ൽ അന്നത്തെ മന്ത്രിയായിരുന്ന ജോൻസ് ജോസഫ് നിർദ്ദേശിച്ചത് പ്രകാരം സർക്കാർ പുറപ്പെടുവിച്ചത്. ഇതു പ്രകാരം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയും റവന്യൂ - പൊതുമരാമത്ത് വിഭാഗങ്ങൾ സംയുക്തമായി പരിശോധിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ഉണ്ടായി.
തുടർന്ന് ബന്ധപ്പെട്ട വസ്തു ഉടമകളെ എം.എൽ.എ വിളിച്ചു ചേർത്ത് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ കാണക്കാരി, കോതനെല്ലൂർ, മാഞ്ഞൂർ, മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളിൽ ഉൾപ്പെട്ട 1.9652 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. സർക്കാർ വ്യവസ്ഥ ചെയ്യുന്ന നെഗോഷ്യേറ്റഡ് പർച്ചേയ്സ് ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ കോട്ടയം ജില്ലാ കളക്ടറുടെ മേൽ നോട്ടത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള മാർക്കറ്റ് നിരക്ക് പ്രകാരം ഭൂമി ഏറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിച്ച 15.78 (15 കോടി 78 ലക്ഷം) രൂപ അഡ്വ.മോൻസ് ജോസഫ് എം.എൽ.എയുടെ പരിശ്രമഫലമായി അനുവദിച്ച് കൊടുക്കുകയും ചെയ്തു. ഇതേതുടർന്ന് ഏറ്റെടുക്കാനുള്ള ഭൂമിയുടെ അതിർത്തി അന്തിമമായി നിർണ്ണയിച്ച് മഞ്ഞ പെയിന്റടിച്ച കല്ലുകൾ 2020 ഡിസംബർ കാലഘട്ടത്തിൽ സ്ഥാപിക്കുകയുണ്ടായി.
ഭൂമിയേറ്റെടുക്കൽ നടപടികളിൽ കേരളമൊട്ടാകെ സംഭവിച്ച് കൊണ്ടിരിക്കുന്ന അന്യായമായ കാല താമസത്തെ മറികടന്ന് കൊണ്ടാണ് ഇതുവരെയുള്ള കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. സ്ഥലം വിട്ട് തരുന്ന വ്യക്തികൾക്ക് തുക കൈമാറാൻ കഴിയുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുകയും, അതിർത്തി നിർണ്ണയിച്ച ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്യുന്ന സുപ്രധാനമായ നടപടിയാണ് അന്തിമമായി ഇനി ചെയ്യാനുള്ളതെന്ന് മോൻസ് ജോസഫ് എം.എൽ.എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം ത്വരിതപ്പെടുത്താൻ മന്ത്രിമാരുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.
കുറുപ്പന്തറ - പുളിന്തറ വളവിൽ ഇപ്പോഴും തുടർച്ചയായി അപകടങ്ങൾ സംഭവിക്കുകയാണ്. കുറുപ്പന്തറ ജംഗ്ഷൻ വികസനത്തിന്റെ ഭൂമിയും ഏറ്റെടുത്ത് വസ്തു ഉടമകൾക്ക് തുക നൽകാൻ കഴിയുന്നില്ല. പട്ടിത്താനത്തിനും, തലയോലപ്പറമ്പിനും ഇടയിലുള്ള വിവിധ അപകട വളവുകൾ എത്രയും പെട്ടെന്ന് നികർത്തേണ്ടത് ഏറ്റവും അനിവാര്യമാണ്. നിരന്തരമായ ഇടപെടൽ എം.എൽ.എയെന്ന നിലയിൽ നടത്തിയത് കൊണ്ടാണ് ഇത്രയും കാര്യങ്ങൾ തീർപ്പാക്കിയത്. ഇനിയുള്ള കാര്യങ്ങൾ പരമാവധി വേഗത്തിൽ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകണം. ഗുരുതരമായ സ്ഥിതിവിശേഷം കണക്കിലെടുത്ത് അടിയന്തിര പരിഹാര നടപടികൾക്ക് മന്ത്രിമാർ രണ്ട് വകുപ്പുകൾക്കും നിർദ്ദേശം കൊടുക്കണമെന്ന് മോൻസ് ജോസഫ് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച് കാര്യങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ തലത്തിൽ ഇനിയും കാലതാമസം നേരിട്ടാൽ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാൻ പൗരാവലി നിർബന്ധിതരാകുമെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടി കാണിച്ചുള്ള നിവേദനത്തിന്റെ പകർപ്പ് കോട്ടയം ജില്ലാ കളക്ടർക്കും സമർപ്പിച്ചിട്ടുണ്ട്.




0 Comments