കിടങ്ങൂര്‍: കിടങ്ങൂരിലെ യുവ സംരംഭകനും സൃഷ്ടി ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായിരുന്ന ശ്യാം ശിവാനന്ദന്‍ നിര്യാതനായി. കോവിഡ് രോഗ മുക്തനായശേഷം കോവിഡാനന്തര ചികിത്സയില്‍ കഴിയുന്നതിനിടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കിടങ്ങൂര്‍ സൗത്ത് കരോട്ട് കാഞ്ഞിരക്കാട്ട് ഷണ്‍മുഖപ്രിയയില്‍ ശ്യാം ശിവാനന്ദന്‍ എന്ന 39 കാരന്റെ അകാല വേര്‍പാട് നാടിനെ ദുഖത്തിലാഴ്ത്തുകയാണ്.
നൂതനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തമായ പ്രോജക്ടുകള്‍ രൂപകല്‍പന ചെയ്ത് ശ്രദ്ധനേടിയിട്ടുള്ള യുവ സംരംഭകനായിരുന്നു ശാം ശിവാനന്ദന്‍. കണ്‍സ്ട്രക്ഷന്‍ രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സൃഷ്ടി കണ്‍സ്ട്രക്ഷന്‍സിനൊപ്പം സ്ഥിതി ഫാം കെയര്‍ ആന്‍ഡ് ഹോം കെയര്‍ എന്ന സ്ഥാപനവും അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. നെല്‍കൃഷി അടക്കമുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
വിപുലമായ സൗഹൃദ വലയമുള്ള ശ്യാം ശിവാനന്ദന്‍ കിടങ്ങൂരിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ലയണ്‍സ് ക്ലബ്ബ്, ജേസീസ് തുടങ്ങിയ സംഘടനകളുടെയും മുന്‍നിര പ്രവര്‍ത്തകനുമായിരുന്ന ശ്യാം ശിവാനന്ദന്റെ വേര്‍പാട് കിടങ്ങൂരിന് തീരാ നഷ്ടമാകുകയാണ്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച രാത്രി 8 ന് വീട്ടുവളപ്പില്‍ നടക്കും.







0 Comments