വാഹനാപകടത്തിന്റെ പേരില്‍ റിട്ട. പ്രെഫസറിന്റെ പക്കല്‍ നിന്നും 4.20 ലക്ഷം രൂപ തട്ടിയെടുക്കുകയും, ഇദേഹത്തെ ഭീഷണിപ്പെടുത്തി വീട്ടില്‍ ഒളിവില്‍ താമസിക്കുകയും ചെയ്ത ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലു പ്രതികളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ കടപ്പൂര്‍ തോട്ടത്തില്‍ വീട്ടില്‍ ടി.അഖിലിനെ (25) കടുത്തുരുത്തിയില്‍ നിന്നും ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി. മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്ന അയ്മനം കോട്ടമല വീട്ടില്‍ റോജന്‍ മാത്യു (34) വിനെ പാലാ സബ് ജയിലില്‍ എത്തി അറസ്റ്റ് ചെയ്തു.
തുടര്‍ന്നു ഏറ്റുമാനൂര്‍ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഘാംങ്ങളെപ്പറ്റി വിവരം ലഭിച്ചത്. ഇതിനു ശേഷം, ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിഭാഗത്ത് പള്ളിക്കല്‍ച്ചിറയില്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ പ്രമോദ് പ്രസന്നന്‍ (23), കണ്ണൂര്‍ തിരുമേനി മരുതുംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22) എന്നിവരെ പാലാ സബ്ജയിലില്‍ നിന്നും അറസ്റ്റ് ചെയ്തു.
ജൂലായ് ആദ്യത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്വട്ടേഷന്‍ സംഘത്തലവന്‍ അലോട്ടിയുടെ സംഘവും, ഇപ്പോള്‍ അറസ്റ്റിലായ പ്രതികളും തമ്മില്‍ സംഭവ ദിവസം സോഷ്യല്‍ മീഡിയ വഴി വെല്ലുവിളിയുണ്ടാകുകയും, ഈ സംഘം അലോട്ടിയുടെ സംഘാംഗത്തിലൊരാളുടെ വീട്ടിലെത്തി വീട് അടിച്ചു തകര്‍ക്കുകയും അടക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ മദ്യം വാങ്ങാനായി പോകുകയായിരുന്ന സംഘത്തിലെ രണ്ടു പേരുടെ വാഹനം കുടമാളൂര്‍ ഭാഗത്തു വച്ച് അതിരമ്പുഴ സ്വദേശിയായ റിട്ട.പ്രഫസറുടെ വാഹനവുമായി അപകടത്തില്‍പ്പെട്ടു. മാന്നാനം കെ.ഇ കോളേജിലെ റിട്ട.പ്രഫസറുടെ വാഹനത്തിലാണ് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സഞ്ചരിച്ച വാഹനം വന്നിടിച്ചത്. അപകടവിവരമറിഞ്ഞ് റോജന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം മറ്റൊരു കാറില്‍ സ്ഥലത്ത് എത്തി. തുടര്‍ന്നു, പ്രഫസറെ കാറില്‍ കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു പോയി. പിന്നാലെ ഭാര്യയെയും ആശുപത്രിയില്‍ എത്തിച്ചു.
ക്വട്ടേഷനു ശേഷം മടങ്ങിയ സംഘം പൊലീസ് പിടികൂടുമെന്നു കരുതി, ആംബുലന്‍സ് വിളിച്ചു വരുത്തിയ ശേഷം പ്രഫസറെയും ഭാര്യയെയുമായി ഇവരുടെ വീട്ടിലെത്തി. പ്രതികള്‍ വീടിന്റെ രണ്ടാം നിലയില്‍ രാത്രി മുഴുവന്‍ ഒളിച്ചിരുന്നു. പിറ്റേന്ന് രാവിലെ അപകടത്തിന്റെ നഷ്ടപരിഹാരമായി നാലു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നു പ്രഫസറെ ഭീഷണിപ്പെടുത്തിയ സംഘം, നാലു ലക്ഷം രൂപ അഖിലിന്റെ അക്കൗണ്ടിലേയ്ക്കു വാങ്ങിയെടുത്തു. തുടര്‍ന്നു, പ്രതികള്‍ ഇവിടെ നിന്നും രക്ഷപെട്ടു.
ഇതിനിടെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ഗാന്ധിനഗറില്‍ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഈ കേസിന്റെ ആവശ്യത്തിനായി വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ പ്രഫസറെ വീണ്ടും ഭീഷണിപ്പെടുത്തി. 60000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. തുടര്‍ന്നു, 20000 രൂപ നല്‍കിയെങ്കിലും, വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. ഇതോടെ പ്രഫസര്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സ്മിജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബു പി.ജെ, ഡെന്നി, സജി പി.സി എന്നിവരുമുണ്ടായിരുന്നു.




0 Comments