കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ഈരാറ്റുപേട്ട നഗരസഭയെയും തലപ്പലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മീനച്ചിലാറിന് കുറുകെയുണ്ടായിരുന്ന നടപ്പാലം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നടപ്പാലം തകര്‍ന്നതോടെ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയിലാണ് ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ കാരക്കാട് നിവാസികള്‍. നടപ്പാലത്തിന്റെ 2 ബീമുകള്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ നിന്നും കാരക്കാട് ഭാഗത്തേയ്ക്കുള്ള എളുപ്പവഴിയായിരുന്നു വട്ടികൊട്ട നടപ്പാലം. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും നീളമേറിയ നടപ്പാലമാണിത്. പാലത്തിന് മുകളിലൂടെ കുതിച്ചൊഴുകിയ വെള്ളം 5 ബീമുകളില്‍ 2 എണ്ണം തകര്‍ത്തെറിഞ്ഞു. ഇതോടെ മറുകര കടക്കാനുള്ള പ്രദേശവാസികളുടെ ഏകമാര്‍ഗം ഇല്ലാതായി. മന്ത്രി വിഎന്‍ വാസവനടക്കം ഇവിടം സന്ദര്‍ശിച്ചിരുന്നു. പുതുതായി പാലം നിര്‍മിക്കുന്ന പക്ഷം ഓട്ടോറിക്ഷയെങ്കിലും കടന്നുപോകുവാന്‍ കഴിയും വിധം വീതിയേറിയ പാലം വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. പാലം പുനര്‍നിര്‍മിക്കാന്‍ അടിയന്തിര പരിഗണന നല്കുമെന്ന് ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദുല്‍ഖാദര്‍ പറഞ്ഞു. യാത്രമാര്‍ഗം പുനസ്ഥാപിക്കാന്‍ മുന്‍ഗണന നല്കുമെന്ന് മന്ത്രി പറഞ്ഞതായും അവര്‍ പറഞ്ഞു. നിലവില്‍ 3 കീലോമീറ്ററോളം ചുറ്റിയാണ് പ്രദേശവാസികള്‍ പ്രധാന ടൗണിലെത്തുന്നത്.




0 Comments