കേരള പുലയര്‍ മഹാസഭയുടെ 50-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 22, 23 തീയതികളില്‍ കോട്ടയത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22-ന് വൈകിട്ട് 5ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സെമിനാര്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മാനവികതയുടെ മതേതര പരിസരം എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രോപ്പോലീത്ത, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പ്രൊഫസര്‍ അഷ്‌റഫ് കടയ്ക്കല്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. കെ.ആര്‍ ഗോപീകൃഷ്ണന്‍ മോഡറേറ്ററായിരിക്കും. ഡിസംബര്‍ 23ന് രാവിലെ 10.30ന് കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എല്‍ രമേശ് അദ്ധ്യക്ഷനായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുജാ സതീഷ്, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സാബു കാരിശ്ശേരില്‍, അഖില്‍ കെ ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.




0 Comments