ളാലം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ശനിയാഴ്ച രാത്രി 8ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി, മേല്‍ശാന്തി കരുനാട്ടില്ലത്ത് നാരായണന്‍ ഭട്ടതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉല്‍സവാഘോഷങ്ങളോട് അനുബന്ധിച്ച് തിരുവരങ്ങിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് അംഗം പിഎന്‍ തങ്കപ്പന്‍ നിര്‍വഹിച്ചു. സന്തോഷ് ഗംഗ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ദേവസ്വം ബോര്‍ഡ് അംഗം അഡ്വ മനോജ് ചരളയില്‍ നിര്‍വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പുത്തൂര്‍ പരമേശ്വരന്‍ നായര്‍ അധ്യക്ഷനായിരുന്നു. മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജി അരുണ്‍, ദേവസ്വം അസി. കമ്മീഷണര്‍ അഡ്വ രാജേഷ് പല്ലാട്ട്, സൗമ്യ മോഹനന്‍, പിആര്‍ നാരായണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിന്റെ കവാടത്തിലെ ദ്വാരപാലികമാരുടെ ശില്‍പം അനാച്ഛാദനവും നടന്നു.




0 Comments