ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌ക്കാരത്തിന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ തെരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. സാമൂഹ്യസേവനരംഗത്തും ഭിന്നശേഷിയുള്ളവരുടെ വളര്‍ച്ചയ്ക്ക്കും കഴിഞ്ഞ 24 വര്‍ഷക്കാലത്തെ വിവിധ പ്രവര്‍ത്തനങ്ങളാണ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സംസ്ഥാന സര്‍ക്കാരുമായും ത്രിതലപഞ്ചായത്തുകളുമായും ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി നടത്തിയ വിവിധ അവകാശ സംരക്ഷണ ഇടപെടലുകളും പരിഗണിച്ചാണ് ഫാ. മൈക്കിളിനെ പ്രത്യേക പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സി.ബി.ആര്‍ പ്രവര്‍ത്തനങ്ങളുടെ റീജിയണല്‍ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഭിന്നശേഷിയുള്ളവരുടെ അവകാശസംരക്ഷണ അവബോധത്തിനായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം അതിരൂപതാ വികാരി ജനറാളായും രാഷ്ട്രദീപിക എക്സിക്യൂട്ടീവ് ഡയറക്ടറായും കോട്ടയം അതിരൂപതാ സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനായും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ഗ്രീന്‍വാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെയും പ്രസിഡന്റായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.




0 Comments