അന്തരിച്ച സിനിമാ സീരിയല്‍ താരം കോട്ടയം പ്രദീപിന്റെ സംസ്‌ക്കാരകര്‍മ്മങ്ങള്‍ വൈകിട്ട് 4 മണിക്ക് കുമാരനല്ലൂരിലെ വീട്ടുവളപ്പില്‍ നടന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമാരനല്ലൂര്‍ സ്വദേശിയായ കോട്ടയം പ്രദീപ് ജനിച്ചതും, വളര്‍ന്നതും കോട്ടയം ജില്ലയിലെ തിരുവാതുക്കലില്‍ ആയിരുന്നു. 10ാം വയസ്സില്‍ എന്‍.എന്‍ പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തിലൂടെയാണ് കോട്ടയം പ്രദീപ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 40 വര്‍ഷക്കാലമായി നാടക രംഗത്തും സജീവമായിരുന്നു. കാരാപ്പുഴ ഹൈസ്‌കൂളിലും, കോട്ടയം ബസേലിയാസ് കോളേജിലും, കോ-ഓപ്പറേറ്റീവ് കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. 1989 ല്‍ എല്‍.ഐ.സി ഉദ്യാഗസ്ഥനായി. 1999 ല്‍ ഐവി ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് കോട്ടയം പ്രദീപ് സിനിമയിലെത്തുന്നത്. 70ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.




0 Comments