Breaking...

9/recent/ticker-posts

Header Ads Widget

ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കര്‍ അന്തരിച്ചു


ഇന്ത്യയുടെ മധുരശബ്ദം ലതാ മങ്കേഷ്‌കര്‍ (93) വിട പറഞ്ഞു. രോഗബാധിതയായി ചികില്‍സയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി  30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.


1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലത ജനിച്ചത്. ലതയുടെ 13 ാം വയസ്സില്‍ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റര്‍ വിനായകാണ് ലതയ്ക്ക് സിനിമയില്‍ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്. ഗജഭാവു, ചിമുക്ലാ സംസാര്‍ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവന്‍യാത്ര, മന്ദിര്‍ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 


രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലില്‍ സലില്‍ ചൗധരിയുടെ സംഗീതസംവിധാനത്തില്‍ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തില്‍ ലത പാടിയ ഏക ഗാനവും അതാണ്. മന്നാ ഡേ, കിഷോര്‍ കുമാര്‍, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവര്‍ക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്. 1962 ല്‍ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതന്‍ കെ ലോഗോം എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവന്‍ ഏറ്റുപാടി. 


ഏതാനും ഗാനങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ച ലത മങ്കേഷ്‌കര്‍ നാലു ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.





Post a Comment

0 Comments