കരൂര്‍ പഞ്ചായത്തിലെ കൂവയ്ക്കല്‍ മലയില്‍ കരിങ്കല്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കിയതിനെതിരെ പ്രതിഷേധവുമായി വലവൂരില്‍ സര്‍വ്വകക്ഷിയോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി സര്‍വ്വകക്ഷി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയില്‍ നിന്നും 1 ലോഡ് കരിങ്കല്ല് പോലും പൊട്ടിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധ യോഗം നടന്നത്. ജനകീയ മുന്നേറ്റത്തിന് ജില്ലാ പഞ്ചായത്ത് എല്ലാ പിന്തുണയും നല്‍കുമെന്ന് നിര്‍മലാ ജിമ്മി പറഞ്ഞു. പൊതുജനങ്ങളുടെ ജീവിതത്തിന് ഭംഗമുണ്ടാക്കുന്ന പാറമട അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു പറഞ്ഞു. പാറമട ഖനനത്തിന് അനുമതി നല്‍കിയത് ഭരണസമിതിയോടാലോചിക്കാതെ പഞ്ചായത്ത് സെക്രട്ടറിയാണെന്ന് പ്രസിഡന്റ് വിശദീകരിച്ചു. സമ്മേളനത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി മുണ്ടത്താനം അദ്ധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഫിലിപ്പ് കുഴികുളം, ബിനീഷ് ചൂണ്ടച്ചേരി, ശ്രീരാഗം രാമചന്ദ്രന്‍, സജി മാപ്പിലകയില്‍, കുഞ്ഞുമോന്‍ മാടപ്പാട്ട്, ജോയി കളരിക്കല്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments