വിലക്കയറ്റവും ലഹരിയുടെ അമിത സ്വാധീനവും കേരളത്തില്‍ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് മിസ്സോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ വിലയില്ലാതാവുന്നത് മനുഷ്യനു മാത്രമാണ്. സീതാദേവിയെ രക്ഷിക്കാന്‍ ഒറ്റയ്ക്കു പോരാടിയ ജടായുവിന്റെ ധീരതയാണ് ചിന്തിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രീമദ് മഹാഭാരത സത്രത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് എം മോഹനന്‍ അധ്യക്ഷന്‍ ആയിരുന്നു. ഉത്തരകാശി ആദിശങ്കര ബ്രഹ്‌മ വിദ്യാപീഠം അധ്യക്ഷന്‍ ബ്രഹ്‌മശ്രീ ഹരി ബ്രഹ്‌മാനന്ദ തീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഏറ്റുമാനരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ആര്‍. ഹേമന്ത് കുമാര്‍, സത്ര നിര്‍വഹണ സമിതി സെക്രട്ടറി ജി.വിനോദ്, കണ്‍വീനര്‍ കെ.പി. സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സുപ്രസിദ്ധ കാഥികന്‍ മീനടം ബാബു ദ്രൗപതി കഥ പറയുന്നു എന്ന കഥാപ്രസംഗവും അവതരിപ്പിച്ചു. ഇദം പ്രഥമമായാണ് ഏറ്റുമാനൂരില്‍ മഹാഭാരത സത്രം നടക്കുന്നത്. ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഡിസംബര്‍ 18 മുതല്‍ 22 വരെ തീയതികളിലായി ഏറ്റുമാനൂര്‍ ശ്രീശൈലം ഓഡിറ്റോറിയം, ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയം, ഏറ്റുമാനൂര്‍ മാധവം ഓഡിറ്റോറിയം എന്നിവിടങ്ങളിലായി മഹാഭാരത സത്രം സംഘടിപ്പിച്ചത്.. ഡോക്ടര്‍ ആര്‍ രാധാകൃഷ്ണന്‍, ജി പ്രകാശ്, ജി വിനോദ്, എസ്.എസ് വിനോദ് കുമാര്‍ എന്നിവരാണ് സത്ര നിര്‍വഹണസമിതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചത്.





0 Comments