പാലാ ടൗണ്‍ കപ്പേളയിലെ ജൂബിലി തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പട്ടണപ്രദക്ഷിണം ഭക്തിസാന്ദ്രമായി. കോവിസ് നിയന്ത്രണങ്ങള്‍ നീങ്ങിയതിനു ശേഷമെത്തിയ ജൂബിലി തിരുനാള്‍ ദിനത്തില്‍ നടന്ന പ്രദക്ഷണത്തില്‍ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ളാലം പഴയ പള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍, ടിബി റോഡിലൂടെയുള്ള ളാലം ജംഗ്ഷനിലെത്തി പ്രധാന വീഥിയിലൂടെ കുരിശു പള്ളിയിലെത്തിയാണ് പ്രദക്ഷിണം സമാപിച്ചത്. മുത്തുക്കുടുകളും, സ്വര്‍ണ്ണ, വെള്ളി കുരിശുകളും, ജപമാലകളും മെഴുകുതിരികളും, ബാന്റുമേളവും, ചെണ്ടമേളവുമായാണ് പ്രദക്ഷിണം നീങ്ങിയത്. പ്രദക്ഷിണ വഴികളില്‍ വിശ്വാസികള്‍ മാതാവിന്റെ തിരുസ്വരൂപത്തെ വണങ്ങാന്‍ കാത്തു നിന്നു. ആയിരങ്ങളാണ് പ്രദക്ഷണത്തില്‍ പങ്കു ചേര്‍ന്നത്. തിരുസ്വരൂപം തിരികെ ജൂബിലി കപ്പളയില്‍ എത്തിയപ്പോള്‍ ജീവകാരുണ്യ സംഘടനയായ കാരുണ്യാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് സ്വീകരിച്ചത്. ഫാന്‍സി ഡ്രസ്, ബൈബിള്‍ ടാബ്ലോ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ ആകാശവിസ്മയത്തോടെയാണ് പരിപാടികള്‍ സമാപിച്ചത് തിരുനാളാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലി പാലായിലെത്തിയപ്പോള്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറുകയായിരുന്നു. ജാതി-മത, വര്‍ഗ-വര്‍ണ്ണ ഭേദമില്ലാതെ പാലാക്കാര്‍ ഒന്നടങ്കം ജൂബിലി തിരുനാളാഘോഷങ്ങളില്‍ പങ്കുചേരുകയായിരുന്നു.





0 Comments