പൊതുപ്രവര്‍ത്തകനായ തനിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് പാലാ ഡിവൈഎസ്പി യ്ക്ക് പരാതി നല്‍കിയതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. രാഷ്ട്രീയ എതിരാളികക്കെതിരെ രാഷ്ട്രീയം പറയാതെ ചിലയാളുകളെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും മഞ്ഞക്കടമ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യാജ ലെറ്റര്‍ പാഡില്‍ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും, പാലാ ബിഷപ് ഹൗസില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുനിസിപ്പല്‍ ജീവനക്കാരെ കൊണ്ട് മുനിസിപ്പല്‍ വാഹനത്തില്‍ കത്ത് കൗണ്‍സിലേഴ്‌സിന്റെ വീട്ടിലെത്തിച്ചു നല്‍കിയ സംഭവവുമുണ്ടായി. സാമൂഹ്യ വിരുദ്ധര്‍ അപകീര്‍ത്തികരമായ കാര്യങ്ങളെഴുതി കവറിലിട്ട് മുനിസിപ്പല്‍ ഓഫീസിലെത്തിച്ചാല്‍ വായിച്ചു പോലും നോക്കാതെ വിതരണം ചെയ്യാന്‍ മുനിസിപ്പാലിറ്റിക്ക് എന്തധികാരമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കണമെന്നും മഞ്ഞക്കടമ്പന്‍ ആവശ്യപ്പെട്ടു. പാലാ ഡിവൈഎസ്പി യ്ക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തത് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടപെടല്‍ മൂലമാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. യുഡിഎഫ് നേതാക്കളായ പ്രൊഫസര്‍ സതീഷ് ചൊള്ളാനി, ജോര്‍ജ്ജ് പുളിങ്കാട്, ജോഷി വട്ടക്കുന്നേല്‍, എന്നിവരും പങ്കെടുത്തു.





0 Comments