ഏറ്റുമാനൂര്‍-പുതുപ്പള്ളി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുന്നത്തറ കമ്പനി കടവ് പാലം പുനര്‍നിര്‍മ്മാണത്തിനായി ബുധനാഴ്ച പൊളിച്ചു നീക്കും. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കിടങ്ങൂര്‍-മണര്‍കാട് റോഡില്‍ നിന്നും കമ്പനികടവ് പാലം വഴി പോകേണ്ട വാഹനങ്ങള്‍ ടോള്‍ പാലം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പുളിഞ്ചുവട്-ആറുമാനൂര്‍ വഴി ഏറ്റുമാനൂരിലേക്ക് പോകേണ്ടതാണ്. പാലാ റോഡില്‍ പുന്നത്തറ ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കറ്റോടു നിന്നും തിരിഞ്ഞ് ആറുമാനൂര്‍-പുളിഞ്ചോട് വഴി മണര്‍കാട് റോഡില്‍ പ്രവേശിക്കണമെന്നും പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാലം പൊളിച്ചു നില്‍ക്കുന്നതോടെ പ്രദേശവാസികള്‍ക്ക് അക്കര-ഇക്കര യാത്ര ചെയ്യുന്നതിനായി കടത്തു വള്ളം ക്രമീകരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ 9 മണി മുതലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക. വീതി കുറഞ്ഞതും അപകടാവസ്ഥയിലുമായ പാലം പൊളിച്ചു നീക്കണമെന്നും പുതിയ പാലം നിര്‍മ്മിക്കണമെന്നുമുള്ള ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവസാന ഘട്ട പരിശോധന എഞ്ചിനീയര്‍മാര്‍ ഇന്ന് പൂര്‍ത്തീകരിച്ചു.





0 Comments