ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി ഡോ തോട്ടം ശിവകരന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 1 മുതല്‍ 6 മാസത്തേക്കാണ് മേല്‍ശാന്തിയായി നിയമിക്കപ്പെട്ടത്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് തോട്ടം ശിവകരന്‍ നമ്പൂതിരിക്ക് ശ്രീ ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. ഓതിക്കന്‍ പി.എം ഭവദാസന്‍ നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്. 40 അപേക്ഷകരില്‍ നിന്നും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടുമായി നടത്തിയ അഭിമുഖത്തില്‍ തെരഞ്ഞടുക്കപ്പെട്ട 28 പേരുകളാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ ശിവകരന്‍ നമ്പൂതിരി സാമവേദ പണ്ഡിതനുമാണ്. കുറിച്ചിത്താനത്തു നിന്നും വിവാഹം കഴിച്ച് ആയുര്‍വേദ ചികിത്സകനായും സാമവേദ ആചാര്യനായും പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഗുരുവായൂര്‍ മേല്‍ശാന്തി എന്ന അസുലഭമായ സ്ഥാനത്തേയ്ക്ക് ഡോ ശിവകരന്‍ നമ്പൂതിരി നിയോഗിക്കപ്പെടുന്നത്. വിവാഹത്തിലൂടെ കോട്ടയം ജില്ലക്കാരനായി മാറിയ ഡോ ശിവകരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാവുന്നത് കോട്ടയത്തിനും അഭിമാനാര്‍ഹമായ നേട്ടമാവുകയാണ്. കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് താമസിക്കുന്ന ഡോ ശിവകരന്‍ നമ്പൂതിരി ശ്രീധരി ആയുര്‍വേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനുമാണ്. സാമവേദം ചിട്ടയായി അഭ്യസിച്ച ഡോ ശിവകരന്‍ നമ്പൂതിരി കുറിച്ചിത്താനത്ത് ആരംഭിച്ച വേദ പാഠശാലയിലൂടെ പുതുതലമുറയിലേക്ക് സാമവേദം പകര്‍ന്നു നല്‍കാനുള്ള പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഗുരുവായൂരപ്പനെ പൂജിക്കാനുള്ള അവസരം ലഭിക്കുന്നത്.





0 Comments