വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് ഏപ്രില്‍ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്ന് നിര്‍വഹിക്കും. വൈക്കം സത്യാഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ വൈക്കം സത്യാഗ്രഹ സ്മാരകത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും, സാംസ്‌കാരിക വകുപ്പ് മന്ത്രി വര്‍ക്കിംഗ് ചെയര്‍മാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, തോമസ് ചാഴികാടന്‍ എം.പി., സി.കെ. ആശ എം.എല്‍.എ., വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ചീഫ് സെക്രട്ടറി ജനറല്‍ കണ്‍വീനറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കണ്‍വീനറുമാണ്. എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിക്കും. വൈക്കത്തെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരിയായും സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു.സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ജനറല്‍ കണ്‍വീനറും, സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി കണ്‍വീനറുമാണ്. നാടിന്റെ ചരിത്രത്തിലെ ഏറ്റവും ജ്വലിക്കുന്ന അദ്ധ്യായമാണു വൈക്കം സത്യാഗ്രഹമെന്നു സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ ശതാബ്ദി ആഘോഷ പദ്ധതി വിശദീകരിച്ചു. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സവര്‍ണ ജാഥയുടെ പുനരാവിഷ്‌കാരം, തമിഴ്‌നാട്ടിലെയും കേരളത്തിലെയും നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്ന് വൈക്കത്തേക്ക് ജാഥകള്‍ എന്നിവയും സംഘടിപ്പിക്കും. സമാപന ദിവസം ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന മഹാസംഗമം നടക്കും.





0 Comments