Breaking...

9/recent/ticker-posts

Header Ads Widget

വെള്ളിയേപ്പള്ളി ഗവ എല്‍.പി സ്‌കൂളിലെ നീന്തല്‍ പരിശീലന പരിപാടി ശ്രദ്ധയാകര്‍ഷിക്കുന്നു.



എന്റെ വിദ്യാലയം എന്റെ സുരക്ഷ എന്ന സന്ദേശവുമായി വെള്ളിയേപ്പള്ളി ഗവ എല്‍.പി സ്‌കൂളിലെ  നീന്തല്‍ പരിശീലന പരിപാടി ശ്രദ്ധയാകര്‍ഷിക്കുന്നു. ആത്മരക്ഷയ്ക്കും, ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ്  വെള്ളിയേപ്പള്ളി ഗവ.എല്‍.പി സ്‌കൂളില്‍ നീന്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഒന്നുമുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് തോപ്പന്‍സ് സ്വിമ്മിംങ് അക്കാദമിയുടെ നേതൃത്വത്തിലാണ് നീന്തല്‍ പരിശീലനം നടത്തി വരുന്നത്.  പ്രളയകാല അനുഭവങ്ങളും, നീന്തല്‍ അറിയാത്ത കുട്ടികള്‍ അപകടത്തില്‍ പെടുന്നതുമായ സാഹചര്യത്തിലാണ് എന്റെ വിദ്യാലയം എന്റെ  സുരക്ഷ എന്ന നീന്തല്‍ പരിശീലനത്തിന് സ്‌കൂള്‍ തുടക്കം കുറിച്ചത്. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്ന മുത്തോലി പഞ്ചായത്തിലെ ആദ്യ  ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളാണ് വെള്ളിയേപ്പള്ളി. വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനും , സുരക്ഷിതമായ ജലപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കുന്നതിനും എന്റെ വിദ്യാലയം എന്റെ സുരക്ഷ എന്ന നീന്തല്‍ പരിശീലന പദ്ധതിയിലൂടെ സാധിക്കുന്നു.നീന്തല്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ കുട്ടികളെ  അനുമോദിക്കുന്ന ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10 ന് തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയില്‍ വച്ച് നടത്തി. വാര്‍ഡ് മെമ്പര്‍ മാണിച്ചന്‍ പനയ്ക്കല്‍ അധ്യക്ഷനായിരുന്നു. സമ്മേളനം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ്  രഞ്ജിത്ത് ജി മീനാഭവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. നീന്തല്‍ പരിശീലകരെയും, മികവ് തെളിയിച്ച കുട്ടികളെയും പാലാ എ.ഇ.ഒ ശ്രീകല കെ.ബി അനുമോദിച്ചു. സമ്മേളനത്തില്‍ രാജന്‍ മുണ്ടമറ്റം, ജോയി ജോസഫ് തോപ്പില്‍, ഹെഡ്മിസ്ട്രസ് മഞ്ജുറാണി ടി.കെ, ടോംസണ്‍ വി ജോസ്, അനീഷ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments