മെഡിക്കല്‍ അഡ്മിഷന്റെ പേരില്‍ പൂവരണി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. വീട്ടമ്മയില്‍ നിന്നും മകന് മെഡിക്കല്‍ അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയാണ് പോലീസ് പിടിയിലായത്. തമിഴ്‌നാട് അമ്പത്തൂര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ ശിവപ്രകാശ് നഗറില്‍ വിജയകുമാര്‍ എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മകന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം സീറ്റ് നല്‍കാതെ ഇയാള്‍ കബളിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയ്ക്ക് ഒടുവിലാണ് ഇയാളെ തമിഴ്‌നാട്ടിലെ ചെന്നെയിലെ ഒളിവു സങ്കേതത്തില്‍ നിന്നും അതിസാഹസികമായി പോലീസ് സംഘം പിടികൂടുന്നത്. ഇയാള്‍ തട്ടിപ്പിനു വേണ്ടി 18 ഓളം സിംകാര്‍ഡുകളാണ് മാറിമാറി ഉപയോഗിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് തൃശൂര്‍ വെസ്റ്റ്, പന്തളം, അടൂര്‍ എന്നീ സ്റ്റേഷനുകളില്‍ സമാന രീതിയില്‍ പണം തട്ടിയെടുത്ത കേസുകള്‍ നിലവിലുണ്ട്. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസണ്‍, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ ശ്രീജേഷ് കുമാര്‍, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.





0 Comments