കിലോമീറ്ററുകളോളം നടന്ന് തലച്ചുമടായി കുടിവെള്ളം വീട്ടിലെത്തിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ഇനി പൈപ്പ് ലൈനിലൂടെയെത്തുന്ന കുടിവെള്ളം ആശ്വാസം പകരും. നീണ്ടൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പെടുന്ന അഞ്ചു കുടുംബങ്ങള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂരിന്റെ ഇടപെടലില്‍ ശുദ്ധജലം എത്തിച്ചത്. വര്‍ഷങ്ങളായി പതിനഞ്ചാം വാര്‍ഡില്‍ താമസക്കാരായിരുന്ന ഈ കുടുംബങ്ങള്‍ പാടശേഖരപ്രദേശത്തു കൂടി ചുറ്റി സഞ്ചരിച്ചാണ് തങ്ങളുടെ വീടുകളിലേക്കുള്ള ശുദ്ധജലം തലച്ചുമടായി എത്തിച്ചിരുന്നത്. വീട്ടിലേയ്ക്ക് വഴി ഇല്ലാത്ത ഈ കുടുംബങ്ങള്‍ക്ക് പാടശേഖരത്തെ ബണ്ട് റോഡ് ആയിരുന്നു ആശ്രയം. സ്വന്തം വീടുകളിലേക്ക് ഇവര്‍ക്ക് ചങ്ങാടത്തിലോ വള്ളത്തിലോ മാത്രമേ എത്തുവാനും കഴിയുമായിരുന്നുള്ളൂ. യാത്ര സംവിധാനങ്ങള്‍ തീര്‍ത്തും ഇല്ലാതെ ഒറ്റപ്പെട്ട പ്രദേശത്തെ താമസിച്ചിരുന്ന കുടുംബങ്ങള്‍ ജനപ്രതിനിധിക്ക് മുന്നില്‍ തങ്ങളുടെ ആവശ്യം നിരത്തുകയായിരുന്നു. തെരഞ്ഞടുപ്പു കാലത്തുയര്‍ന്ന ആവശ്യം മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പരിഹരിക്കപ്പെടുകയായിരുന്നു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇവരുടെ വീടുകളിലേക്ക് തോട്ടിലൂടെയും പാടശേഖരത്തുകൂടിയും പ്രത്യേക പൈപ്പ് ലൈനിങ് നടത്തി ശുദ്ധജലം എത്തിച്ചത്. ശുദ്ധജലവും ഒപ്പം ജലമാര്‍ഗ്ഗം സഞ്ചരിക്കുവാനുള്ള ചങ്ങാടവും ഈ കുടുംബത്തിന് എത്തിച്ചു നല്‍കി ജനപ്രതിനിധിയായ തോമസ് കോട്ടൂര്‍ ദുരിതമനുഭവിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു.





0 Comments