കല്ലറ മഹിളാ മന്ദിരത്തിലെ അന്തേവാസിയായിരുന്ന ശ്രുതി മോള്‍ സുമംഗലിയായി. ശ്രുതി മോളുടെയും യോഗേഷിന്റെയും വിവാഹം വ്യാഴാഴ്ച നടന്നു.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കല്ലറ പഞ്ചായത്തും മുന്‍കയ്യെടുത്താണ് ശ്രുതി മോളുടെ വിവാഹം നടത്തിയത്. വൈക്കം കൊടിയാട് വീട്ടില്‍ എസ്. യോഗേഷ് വ്യാഴാഴ്ച പകല്‍ 10.30 നും 11 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കല്ലറ ശ്രീ ശാരദാ ക്ഷേത്രത്തില്‍ വെച്ച് ശ്രുതി മോള്‍ക്ക് വരണമാല്യം ചാര്‍ത്തി.തുടര്‍ന്ന് കല്ലറ പഞ്ചായത്ത് ഹാളില്‍ സ്‌നേഹവിരുന്നും നടന്നു. ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയ കോട്ടയം സ്വദേശിനിയായ ശ്രുതിമോള്‍ കുറേക്കാലമായി കല്ലറ മഹിളാ മന്ദിരത്തിന്റെ സംരക്ഷണയിലായിരുന്നു. പ്ലസ്ടു യോഗ്യതയുള്ള ഈ 24 കാരി കമ്പ്യൂട്ടറും ഷോര്‍ട് ഹാന്‍ഡും പഠിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വിവാഹമെത്തിയത്. ശ്രുതി മോളുടെ വിവാഹത്തിന് നിരവധി സുമനസ്സുകള്‍ സഹായിക്കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍,പിതാവിന്റെ സ്ഥാനത്തു നിന്ന് വിവാഹം നടത്തി. തോമസ് ചാഴികാടന്‍ എംപി, വൈക്കം എം.എല്‍എ സി.കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, കൂടാതെ നിരവധിയായ ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍ , എല്‍.എസ്.ജി.ഡി വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിവര്‍ വിവാഹ ചടങ്ങില്‍ പങ്കുചേര്‍ന്നു. 2021 ഡിസംബറിലും മഹിളാമന്ദിരത്തിലെ അന്തേവാസികളായ രണ്ട് യുവതികളുടെ വിവാഹം ബ്ലോക്ക് പഞ്ചായത്തും, കല്ലറ പഞ്ചായത്തും മുന്‍കൈയെടുത്ത് നടത്തിയിരുന്നു.





0 Comments