കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവം പ്രാഢഗംഭീരമായി. വേനലവധിക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകള്‍ക്ക് ആഹ്ലാദക്കാഴ്ചയൊരുക്കിയാണ് പ്രവേശനോത്സവം നടന്നത്. പുത്തനുടുപ്പും, വര്‍ണ്ണ കുടകളുമായി വിദ്യാലയത്തില്‍ എത്തിയ കുട്ടികള്‍ക്ക് അധ്യാപകരും രക്ഷിതാക്കളും പി.ടി.എ യും ചേര്‍ന്ന് വരവേല്‍പ് നല്‍കി.ആദ്യമായി വിദ്യാലയത്തില്‍ എത്തിയ കുട്ടികളെ വിദ്യാലയ കവാടത്തില്‍ നിന്ന് ചെണ്ടമേളത്തിന്റെയും മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം തുടങ്ങിയ വിവിധ വേഷവിധാനങ്ങള്‍ അണിഞ്ഞ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും എസ്.പി.സി ,എന്‍.സി.സി, റെഡ് ക്രോസ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഓഡിറ്റോറിയത്തിലേക്ക് കുരുന്നുകളെ സ്വീകരിച്ചിരുത്തിയ ശേഷം രംഗപൂജയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥിനികള്‍ ആലപിച്ച പ്രവേശനോത്സവഗാനം ആലപിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അശോക് കുമാര്‍ പൂതമന യോഗത്തില്‍ അധ്യക്ഷനായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കഥകളും നാടന്‍പാട്ടുകളും പ്രഭാഷണം കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായി. പ്രിന്‍സിപ്പല്‍ സിന്ധുമോള്‍ എം.പി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ജി സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ് പി.എസ് ഹരിദാസ് , മാതൃ സംഗമം പ്രസിഡന്റ് ഇന്ദു രമേഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍ ബിജു കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മധുര വിതരണത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments