ടാറിങ് ഇളകി കുണ്ടും, കുഴിയുമായി മാറിയ റോഡില്‍ വാഴ നട്ട് പ്രതിഷേധം. കുറുപ്പന്തറ മാഞ്ഞൂര്‍ റോഡിലെ കുഴികളിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വാഴ നട്ടത്. ഇരുചക്ര വാഹന യാത്രക്കാര്‍ അടക്കമുള്ളവര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയ സാഹചര്യത്തിലായിരുന്നു പ്രതിഷേധ സമരം. മാഞ്ഞൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്കുള്ള റോഡാണ് ഒരു വര്‍ഷത്തിലധികമായി തകര്‍ന്നു കിടക്കുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും, പൊതുപ്രവര്‍ത്തകരും പൊതുമരാമത്ത് അധികൃതര്‍ക്ക് പലവട്ടം നിവേദനം നല്‍കിയിരുന്നു. എന്‍ജിനീയര്‍ അടക്കമുള്ളവര്‍ സ്ഥല സന്ദര്‍ശനം നടത്തിയെങ്കിലും മഴക്കാലമായിട്ടും റോഡ് നന്നാക്കാതെ വന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് റോഡിലെ കുഴികളില്‍ വാഴ നട്ടു പ്രതിഷേധിക്കുകയും തുടര്‍ന്ന് മാഞ്ഞുര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തി അധികാരികളെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന വഴിയാണ് തകര്‍ന്ന് തരിപ്പണമായി കിടക്കുന്നത്. പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. സൂചനാ പ്രതിഷേധ സമരം ബിജെപി നേതാവ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ ഗോപകുമാര്‍, വിന്‍സെന്റ് ചിറയില്‍, തോമസ് ചാമക്കാല, ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അപകട കെണിയായി മാറിയ റോഡ് അടിയന്തരമായി നന്നാക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യമുയര്‍ന്നു.





0 Comments