ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ മൂവാറ്റുപുഴ ആറ്റില്‍ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ മേല്‍ പാലത്തില്‍ ഒന്നാം ട്രാക്കിലൂടെ വന്ന ട്രെയിനില്‍ നിന്നും മൂവാറ്റുപുഴ ആറിലേക്ക് വീണ യാത്രക്കാരനെയാണ് ശനിയാഴ്ച കാണാതായത്. വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തിന് പോവുകയായിരുന്ന പരശുരാം എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ പുഴയിലേക്ക് തെറിച്ചു വീണത്. പുഴയില്‍ വീണ യാത്രക്കാരന്‍ അല്‍പം ദൂരം നീന്തിയെങ്കിലും പിന്നീട് മുങ്ങിത്താഴ്ന്ന് പോകുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. തൃപ്പൂണിത്തറയില്‍ നിന്നും ട്രെയിനിന്റെ ഡോറിന് സമീപം ഇരുന്ന് കറുത്ത പാന്റും ബ്രൗണ്‍ കളര്‍ ഷര്‍ട്ടും ധരിച്ച തമിഴ് സംസാരിക്കുന്ന ഏകദേശം 35 വയസ്സ് ഓളം പ്രായമുള്ള യുവാവാണ് പുഴയില്‍ വീണത് എന്ന്, ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരനായ ചങ്ങനാശ്ശേരി സ്വദേശി പോലീസില്‍ വിളിച്ചു പറഞ്ഞതോടെയാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് വൈക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഷാജി കുമാര്‍, കടുത്തുരുത്തി സ്റ്റേഷന്‍ ഓഫീസര്‍ കലേഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജയന്‍ സ്‌ക്യൂബ ടീം എച്ച് ഹരീഷ്, മുജീബ്, ജോബിന്‍ കെ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം രാത്രിയില്‍ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. വെള്ളൂര്‍ പോലീസും റെയില്‍വേ പോലീസും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. യാത്രക്കാരന്‍ വീണ സ്ഥലത്ത് നിന്ന് മുപ്പതു മീറ്റര്‍ അടുത്ത് നിന്നാണ് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം ലഭിച്ചത്.





0 Comments