ചെങ്ങന്നൂര്‍ സമദര്‍ശന സാംസ്‌കാരിക പഠന കേന്ദ്രം നല്‍കുന്ന 2023 ലെ സാഹിത്യ പുരസ്‌കാരം ഡോ.തോമസ് സ്‌കറിയായ്ക്ക് ലഭിച്ചു. ഡോ തോമസ് സ്‌കറിയ എഴുതിയ ടെറി ഈഗിള്‍ട്ടണ്‍: സിദ്ധാന്തം, സൗന്ദര്യം, സംസ്‌കാരം എന്ന നിരൂപണ പുസ്തകത്തിനാണ് പുരസ്‌കാരം . ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ആധുനിക ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ ടെറി ഈഗിള്‍ട്ടണിനെക്കുറിച്ചു മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ പുസ്തകമാണ്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവര്‍ഡ് ഒക്ടോബര്‍ ആദ്യവാരത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. അവാര്‍ഡ് ജേതാവായ കുറിച്ചിത്താനം പാലമറ്റത്തില്‍ ഡോ. തോമസ് സ്‌കറിയ, പാലാ സെന്റ് തോമസ് കോളേജില്‍ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറും എംജി സര്‍വ്വകലാശാല പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവും, ഗവേഷണ മാര്‍ഗദര്‍ശിയുമാണ്. കുറിച്ചിത്താനം പി.ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയുടെ മുന്‍ പ്രസിഡന്റും, ഇപ്പോള്‍ ഭരണ സമതി അംഗവും, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധിയുമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, തമിഴ്‌നാട്ടിലെ ഈറോഡ് കൊംഗു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഓട്ടോണമസ് കോളേജ് എന്നിവിടങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനഞ്ചോളം നിരൂപണ ഗ്രന്ഥങ്ങളുടെ കര്‍ത്താവും കോളമിസ്റ്റുമാണ്. പ്രൊഫ.എം അച്യുതന്റെ മാര്‍ഗദര്‍ശനത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടിയ തോമസ് സ്‌കറിയയുടെ കീഴില്‍ ഒന്‍പതു പേര്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്.





0 Comments