Breaking...

9/recent/ticker-posts

Header Ads Widget

ആയുഷ്മാന്‍ ഭവ എന്ന ആരോഗ്യകര്‍മ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു



ആയുഷ്മാന്‍ ഭവ എന്ന ആരോഗ്യകര്‍മ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വഹിച്ചു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടന്നു. സെപ്റ്റംബര്‍ 17 മുതലാണ് ആയുഷ്മാന്‍ ഭവ പരിപാടി പ്രകാരം ആരോഗ്യ കേന്ദ്രം, ജനകീയ ആരോഗ്യ കേന്ദ്രം തലത്തില്‍ ആരോഗ്യമേളകള്‍ നടക്കുക. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സെപ്റ്റംബര്‍ 17 മുതല്‍ ആഴ്ചയിലൊരു ദിവസം നാലാഴ്ചകളില്‍ മേള സംഘടിപ്പിക്കും. മേളയില്‍  രോഗപരിശോധനകള്‍, ചികിത്സാ സേവനങ്ങള്‍, വാക്്‌സിനേഷന്‍, ഇ-സഞ്ജീവനി സേവനങ്ങള്‍, റെഫറല്‍ തുടങ്ങിയവ നല്‍കും. ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ചും പദ്ധതികള്‍ സംബന്ധിച്ചും ബോധവത്കരണം, ആഭാ ഐഡി നിര്‍മാണം, ആയുഷ്മാന്‍ കാര്‍ഡ് വിതരണം എന്നിവയും നടക്കും. പ്രമേഹം, രക്താതിമര്‍ദ്ദം, അര്‍ബുദം എന്നിവ സ്‌ക്രീന്‍ ചെയ്യാനും സൗകര്യം ഏര്‍പ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയിലൊരിക്കല്‍ മേളകള്‍ നടത്തും. മേളയില്‍ മെഡിക്കല്‍ കോളജ്, ജില്ലാ ജനറല്‍, താലൂക്ക് ആശുപത്രികളില്‍നിന്നുള്ള ഡോക്ടര്‍മാരെ പങ്കെടുത്ത് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. എല്ലാ വാര്‍ഡുകളിലും ഒക്ടോബര്‍ രണ്ടിന് വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ ആയുഷ്മാന്‍ സഭ സംഘടിപ്പിക്കും. സഭയില്‍ കാരുണ്യ ആരോഗ്യ പദ്ധതി കാര്‍ഡുകള്‍ ലഭിച്ചവരുടെ പട്ടിക, ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചവരുടെ വിവരം, എം പാനല്‍ ചെയ്തിട്ടുള്ള ജില്ലയിലെ ആശുപത്രികളുടെ വിവരം എന്നിവ പ്രദര്‍ശിപ്പിക്കും.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ്‌മോഹന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ജില്ലയില്‍ ഏറ്റവുമധികം തവണ രക്തദാനം നടത്തിയ ഷിബു തെക്കേമറ്റത്തെയും നിക്ഷയ് മിത്ര പദ്ധതിയില്‍ സഹായങ്ങള്‍ നല്‍കിയവരെയും ആദരിച്ചു.




Post a Comment

0 Comments