പയര്‍ വിതച്ച പാടത്ത് കതിരണിഞ്ഞ നെല്ല് കര്‍ഷകനും കാണികള്‍ക്കും കൗതുകമായി. തലയോലപ്പറമ്പ് മാത്താനം പാട ശേഖരത്ത് രണ്ടര ഏക്കര്‍ സ്ഥലത്ത് പെരുമ്പാട്ടത്തില്‍ ഷാജിമോന്റെ കൃഷിയിടത്തിലാണ് ഈ അപൂര്‍വ്വ കാഴ്ച. ബന്ധു ആയ പി.ജി തങ്കമ്മ യാതൊരു പ്രതിഫലവും വാങ്ങാതെ, തന്റെ കൃഷി സ്ഥലം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഷാജി മോന് കൃഷിയ്ക്കായി നല്‍കിയിരുന്നു. നാലു വര്‍ഷവും നെല്‍കൃഷി ചെയ്‌തെങ്കിലും രണ്ടുവര്‍ഷവും വേനല്‍മഴയില്‍ കൃഷി നശിച്ചു പോയിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് ദൈവതുല്യനായ ഡോക്ടര്‍ വി.പി ഗംഗാധരന്‍ വിവരമറിഞ്ഞ് ഷാജി മോനെ വിളിച്ച് ആശ്വസിപ്പിക്കുകയും, അടുത്ത കൃഷി ഇറക്കുമ്പോള്‍ വിളിക്കണം എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ഷാജി മോന്റെ ഭാര്യ പ്രീതയുടെ അഭ്യര്‍ത്ഥന പ്രകാരം 2022 നവംബര്‍ 20ന് ക്യാന്‍സര്‍ ചികിത്സ വിദഗ്ധന്‍ ഡോക്ടര്‍ വി.പി ഗംഗാധരന്‍ നേരിട്ട് പാടത്തെത്തി നെല്‍വിത്ത് വിതച്ചു. ഡോക്ടറുടെ കൈപ്പുണ്യം കൊണ്ട് നല്ല വിളവ് ആ വര്‍ഷം ലഭിച്ചു. വിളവെടുപ്പ് കഴിഞ്ഞ് നിലം ഉഴുതുമറിച്ച് വന്‍പയര്‍ വിതച്ചെങ്കിലും ശക്തമായ മഴയില്‍ അവയും നശിച്ചു. എന്നാല്‍ ആദ്യ കൃഷിയുടെ പൊഴിഞ്ഞുവീണ നെല്‍മണികള്‍ ഇവിടെ വീണ്ടും കിളിര്‍ത്താണ് നെല്‍കതിരായത്. വേനല്‍ മഴ ചതിച്ചില്ലെങ്കില്‍ ചുരുങ്ങിയത് ഏകദേശം പതിനഞ്ച് കിന്റല്‍ നെല്ല് ഉറപ്പായും കിട്ടുമെന്ന് ഷാജി മോന്‍ പറയുന്നു. കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ മുന്‍നിര പ്രവര്‍ത്തകനും മികച്ച സംഘാടകനുമായ മണികണ്ഠന്‍ എന്ന മണിചേട്ടനും ഡോക്ടറും കൂടെ വന്നിരുന്നു. വളമോ,കീടനാശിനിയോ ഒന്നും ഉപയോഗിക്കാതെ വിളഞ്ഞ നെല്ല് അരിയാക്കി കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് നല്‍കുമെന്ന് ഷാജി പറഞ്ഞു.





0 Comments