ഏറ്റുമാനൂരില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നു. ചൊവ്വാഴ്ച രാത്രിയില്‍ വില്ലേജ് ഓഫീസിനു സമീപത്തെ ലിങ്ക് റോഡില്‍ വ്യാപര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണശ്രമം നടന്നു. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബിലും, മാധ്യമ സ്ഥാപനത്തിലും മോഷണശ്രമം നടന്നു. ഒരു സ്ഥാപനത്തിലെ സിസിടിവി ക്യാമറയുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ക്യാമറയ്ക്ക് മുകളില്‍ വസ്ത്രമിട്ട് മറയ്കുകയും ചെയ്ത നിലയിലായിരുന്നു. ഓഫീസുകള്‍ക്കുളളിലെ സാധന സാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരകളും മേശ വലിപ്പുകളും കുത്തി തുറന്ന നിലയിലും. പണമൊന്നും നഷ്ടപ്പെട്ടില്ലെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഏറ്റുമാനൂരില്‍ ഒട്ടനവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് നടന്നത്. നിരവധി ബൈക്കുകളും മോഷണം പോയിരുന്നു. തുടര്‍ച്ചയായി മോഷണശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മോഷ്ടാക്കളെ പിടികൂടാന്‍ നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമായി.





0 Comments