പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഷമ്മി രാജനെ സ്ഥലം മാറ്റി. വയനാട്ടിലേക്കാണ് സ്ഥലം മാറ്റം. പാലാ ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ട് തസ്തിക അസിസ്റ്ററ്റ് ഡയറക്ടര്‍ തസ്തിക ആയി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലവില്‍ സൂപ്രണ്ടായ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസറായ ഷമ്മി രാജനെ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. ചുമതലകളിലെ നിരുത്തരവാദിത്വം മൂലം പാലാ ഗവ: ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ മാറ്റണമെന്ന് HMC പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ല. സൂപ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് നഗരസഭ ഒറ്റക്കെട്ടായി സൂപ്രണ്ടിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസംആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോഴും സൂപ്രണ്ട് എത്താതിരുന്നത് തീരുമാനം വേഗത്തിലാക്കാന്‍ കാരണമായി. ആശുപത്രിയുടെ ആവശ്യങ്ങള്‍ സൂപ്രണ്ടിനു പകരം മറ്റ് ഡോക്ടര്‍മാരാണ് മന്ത്രിയെ അറിയിക്കുകയും മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തത്. സൂപ്രണ്ടിന്റെ അസാന്നിദ്ധ്യം മന്ത്രിയേയും ഒപ്പമുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറേയും ചൊടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണും, എം.എല്‍.എയും, എല്‍.ഡി.എഫ് നേതൃത്വവും മാനേജിംഗ് കമ്മിറ്റിയും ഉടന്‍ നടപടി വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സൂപ്രണ്ടിനെ വയനാട് ഡി.എം.ഒ.ഓഫീസിലേക്ക് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറക്കുകയായിരുന്നു. കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടറുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും വിധം ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭാദ്ധ്യക്ഷ ജോസിന്‍ ബിനോ അറിയിച്ചു.





0 Comments