കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആദ്യത്തെ 400 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്‍ കോട്ടയം കുറവിലങ്ങാട് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം 2023 നവംബര്‍ 12 ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, മുഖ്യാതിഥിയാവും. കടുത്തുരുത്തി എം.എല്‍.എ. മോന്‍സ് ജോസഫ്, തോമസ് ചാഴികാടന്‍ എം പി, ജോസ് കെ മാണി എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. കൂടംകുളം ആണവപദ്ധതിയില്‍ നിന്നും മറ്റുമുള്ള വൈദ്യുതി തിരുനെല്‍വേലി ഇടമണ്‍ കൊച്ചി പ്രസരണ ലൈനിനില്‍ കുടി ഈ സബ്‌സ്റ്റേഷനില്‍ എത്തിച്ച് കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വിതരണം നടത്താന്‍ ഉതകുന്ന പദ്ധതിയാണിത്. 315 എം.വി.എ ശേഷിയുള്ള രണ്ടു ട്രാന്‍സ്‌ഫോര്‍മറുകളും 400 കെ.വി യുടെയും, 220 കെ.വിയുടെയും എല്ലാ ഫീഡറുകളും പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങി. പ്രസരണ നഷ്ടം കുറക്കുന്നതോടൊപ്പം കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി വര്‍ദ്ധിക്കുമെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.





0 Comments