ഏറ്റുമാനൂര്‍ പാലാ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ പാറകണ്ടം ജംഗ്ഷന്‍ വരെ വരെയുള്ള ഭാഗത്ത് ഓടകളില്‍ മാലിന്യം അടിഞ്ഞുകൂടി വെള്ളക്കെട്ട് ഉണ്ടാവുകയും പ്രധാന റോഡുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്നത് ദുരിതമാകുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ ഏറ്റുമാനൂര്‍ നഗരം വെള്ളത്തിനടിയിലായിരുന്നു. പാലാ റോഡിലെ ഓടകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് ഏറ്റുമാനൂര്‍ എംഎല്‍എയും മന്ത്രിയുമായ വി എന്‍ വാസവന്‍ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയത് നിലവിലത്തെ സാഹചര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തൊഴിലാളികളുടെ സഹായത്തോടെ ഓടകളുടെ സ്ലാബ് ഇളക്കിമാറ്റി ഓടകള്‍ ശുചീകരിക്കുവാന്‍ നടപടി സ്വീകരിച്ചു. ലോഡ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളും ജൈവ അജൈവ മാലിന്യങ്ങളും മരത്തടികളും ഓടയില്‍ നിന്നും പുറത്തെടുത്തു. മാലിന്യം നീക്കം നടത്തിയതോടെ വലിയ ദുര്‍ഗന്ധമാണ് നഗരത്തില്‍ പരന്നത്. ഓടക്ക് കുറുകെ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിന്റെ വലിയ കുഴലുകള്‍ കടന്നു പോയിരുന്നതും മാലിന്യം അടിഞ്ഞു കൂടുവാന്‍ കാരണമായിരുന്നു. മത്സ്യമാംസാവശിഷ്ടങ്ങള്‍, തെര്‍മോക്കോളുകള്‍ തുടങ്ങിയവയെല്ലാം ശുചീകരണ തൊഴിലാളികള്‍ ഓടയില്‍ നിന്നും നീക്കം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ. എസ്.ബിജു, ടോമി പുളിമാന്‍തുണ്ടം, വി.എസ്.വിശ്വനാഥന്‍, പി. എസ്. വിനോദ്, മഞ്ജു അലോഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ഏറ്റുമാനൂരിലെ വ്യാപാരി സംഘടനകള്‍ ഏറ്റുമാനൂര്‍ ടൗണിലെയും പേരൂര്‍ ജംഗ്ഷനിലെയും പാലാ റോഡിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികളാവശ്യപ്പെട്ട് മുനിസിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കെയാണ് ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.


.webp)


0 Comments